മലപ്പുറം : ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളുടെ അപര്യാപ്ത കണക്കിലെടുത്ത് അധിക ബാച്ചുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിൽ ജില്ല കടുത്ത അസൗകര്യം നേരിടുന്നുവെന്ന് കോടതിയടക്കം കണ്ടെത്തിയ സാഹചര്യത്തിലാണിത്.
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി. എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്. ഹയർ സെക്കൻഡറി പ്രവേശനത്തിന് മുൻ വർഷങ്ങളിൽ ലഭിച്ച അപേക്ഷകളുടെ എണ്ണവും, വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങൾ വിലയിരുത്താൻ ചുമതലപ്പെടുത്തിയ സംസ്ഥാന തല സമിതിയുടെ ഏറ്റവും പുതിയ ശുപാർശകളും പരിഗണിച്ച് ഇക്കാര്യത്തിൽ ഉടനടി തീരുമാനമെടുക്കണമെന്നാണ് നിർദേശം.
മലപ്പുറം ജില്ലയിലെ മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു മാസത്തിനകം സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ മൂന്ന് അധിക ബാച്ചുകൾ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.