ടി ദീപേഷ്‍ സംവിധാനം ചെയ്‍ത ‘അക്വോറിയം’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി. മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്നുള്ള കേസുകള്‍ തള്ളിയാണ് അക്വോറിയം സിനിമയ്‍ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത് എന്ന് ടീ ദീപേഷ് അറിയിച്ചു. തന്റെ ‘അക്വോറിയം’ സിനിമയെ തടയാൻ പലപ്പോഴായി സങ്കുചിതമായി ചിന്തിക്കുന്നവർ ശ്രമിച്ചു കൊണ്ടേയിരുന്നു. ഒരു സ്ത്രീപക്ഷ സിനിമയാണ് ‘അക്വോറിയം’ എന്നും ടി ദീപേഷ് പറയുന്നു. ദേശിയ അവാര്‍ഡ് ജേതാവായ സംവിധായകൻ ടി ദീപേഷിന്റെ ‘അക്വോറിയം’ ഒടിടി പ്ലാറ്റ്ഫോമിലൂടെ ഇന്ന് റിലീസ് ചെയ്യാനിരുന്നപ്പോഴാണ് വിലക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ‘അക്വോറിയം’ സിനിമയ്‍ക്ക് എതിരായ കേസുകള്‍ തള്ളുകയായിരുന്നു. രണ്ടു തവണ സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് ‘ അക്വോറിയം ‘ പ്രദര്‍ശനത്തിനെത്താനിരുന്നത്. അനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അക്വോറിയം സിനിമയ്‍ക്ക് റിലീസിന് അനുവദിച്ചത്. സെൻസർബോർഡ് ട്രിബൂണലിന്റെ നിർദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റം.
സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‍നങ്ങളെ മതങ്ങൾ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. സഭയ്ക്കകത്ത് കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നത് എന്ന് ടി ദീപേഷ് പറയുന്നു. ദീപേഷിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ. ഷാജ് കണ്ണമ്പേത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹണി റോസ്, സണ്ണി വെയ്ൻ, ശാരി എന്നിവരോടൊപ്പം കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൽറാം ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അക്വേറിയം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് എം വര്‍മയാണ്. മധു ഗോവിന്ദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.