കൊച്ചി : സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിയെ വിമർശിച്ച സംഭവത്തിൽ മുൻ മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. രജിസ്ട്രാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ വേണം നടപടി സ്വീകരിക്കാൻ. സുദീപ് വ്യക്തിപരമായി ആക്ഷേപിക്കുന്നതിൽ തനിക്ക് പരാതി ഇല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എന്നാൽ കേസുകളിൽ ഇടപെടാൻ അനുവദിക്കില്ല. സ്വയം രക്തസാക്ഷിയാകാനാണ് സുദീപ് ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റുകൾ വഴി അന്വേഷണത്തെ തടസപെടുത്താൻ ശ്രമിച്ചാൽ കോടതി ഇടപെടും എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. സുദീപ് നേരിട്ട് ഹാജരാകാൻ പുറപ്പെടുവിച്ച സമൻസ് ഹൈകോടതി റദ്ദാക്കി. ജൂലൈ ആറിനാണ് എസ് സുദീപ് രാജിവയ്ക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പെരുമ്പാവൂർ സബ് ജഡ്ജിയായിരുന്ന എസ് സുദീപിനെ പിരിച്ചുവിടാൻ ഹൈക്കോടതി ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുദീപ് രാജിവെയ്ക്കുന്നത്.