കൊച്ചി: സർക്കാറിന്‍റെ ബോർഡും മുദ്രയുമുള്ള വാഹനങ്ങൾക്കടക്കം നിലക്കൽ മുതൽ പമ്പ വരെ റോഡരികിൽ പാർക്കിങ് അനുവദനീയമല്ലെന്ന് ഹൈകോടതി. മോട്ടോർ വാഹന നിയമം പാലിക്കാതെ വലിയതോതിൽ അലങ്കരിച്ച വാഹനങ്ങളിൽ തീർഥാടകർ യാത്ര ചെയ്യരുത്. സർക്കാർ ബോർഡ് വെച്ച് പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
ശബരിമല തീർഥാടനം ആരംഭിച്ച സാഹചര്യത്തിൽ സ്വമേധയ പരിഗണിച്ച ഹരജിയിലാണ് നിർദേശം. തീർഥാടനകാലത്തോടനുബന്ധിച്ച് ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ വ്യക്തമാക്കി സ്പെഷൽ കമീഷണർ റിപ്പോർട്ട് നൽകി. ചരക്കുവണ്ടികളിൽ ശബരിമല യാത്ര പാടില്ല. പൊലീസും മോട്ടോർ വാഹന വകുപ്പും ഇക്കാര്യം ഉറപ്പുവരുത്തണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.
തീർഥാടകരുടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കണം. 15 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് തീർഥടകരെ ഇറക്കാൻ പമ്പ വരെ പോകാമെങ്കിലും അവിടെ പാർക്ക് ചെയ്യാൻ അനുവദിക്കരുത്. ശുചിമുറികൾ ലേലത്തിൽ പോയിട്ടില്ലെങ്കിൽ ഇവ ശബരിമല സാനിട്ടേഷൻ സൊസൈറ്റിയുടെ സഹയത്തോടെ ദിവസവും വൃത്തിയാക്കി സൗജന്യമായി ഉപയോഗിക്കാൻ നൽകണമെന്നും കോടതി നിർദേശിച്ചു.