കൊച്ചി ∙ വസ്തുവിന്റെ ലൊക്കേഷൻ സ്കെച്ച് നൽകുന്നതിന് 500 രൂപ കൈക്കൂലിയും 150 രൂപ വണ്ടിക്കൂലിയും വാങ്ങിയെന്ന കേസിൽ വില്ലേജ് ഓഫിസറുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. വാഗമൺ വില്ലേജ് ഓഫിസറായിരുന്ന ആലപ്പുഴ ആര്യാട് സൗത്ത് കൈതപ്പാറ പുത്തൻ വീട്ടിൽ മുഹമ്മദ് നാസറിന് കോട്ടയം വിജിലൻസ് കോടതി വിധിച്ച ഒന്നര വർഷം തടവും 25,000 രൂപ പിഴയുമാണു ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ശരിവച്ചത്.
2006 ജൂൺ 28നു വാഗമൺ പന്തപ്ലാക്കൽ ജോർജ് മാത്യുവിൽനിന്നു കൈക്കൂലി വാങ്ങിയെന്നാണു കേസ്. മകളുടെ വിവാഹ ആവശ്യത്തിനു സഹകരണ ബാങ്കിൽ വസ്തു വസ്തു ഈടു വച്ച് വായ്പ എടുക്കാനായിരുന്നു ലൊക്കേഷൻ സ്കെച്ച് വേണ്ടിവന്നത്.
വില്ലേജ് ഓഫിസറുടെ പോക്കറ്റിൽനിന്നാണു വിജിലൻസ് പണം കണ്ടെടുത്തത്. കൈക്കൂലി ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ജീപ്പ് ഡ്രൈവർ ആവശ്യപ്പെട്ട ന്യായമായ വണ്ടിക്കൂലി കൊടുക്കാത്തതിനു വില്ലേജ് ഓഫിസർ ശകാരിച്ചതിലുള്ള വിരോധംമൂലം ബലമായി പണം പോക്കറ്റിൽ ഇട്ടശേഷം കേസിൽ കുരുക്കുകയായിരുന്നു എന്ന വാദം തള്ളിയാണു കോടതി ശിക്ഷ ശരിവച്ചത്. വില്ലേജ് ഓഫിസറും സഹായിയുമായിരുന്നു ഒന്നും രണ്ടും പ്രതികൾ. അന്വേഷണത്തെ തുടർന്ന് സഹായിയെ കേസിൽനിന്ന് ഒഴിവാക്കി. വിജിലൻസിനു വേണ്ടി സ്പെഷൽ ഗവൺമെന്റ് പ്ലീഡർ എ. രാജേഷ്, സീനിയർ ഗവൺമെന്റ് പ്ലീഡർ എസ്. രേഖ എന്നിവർ ഹാജരായി.