കൊച്ചി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കും പ്രാർഥനാ കേന്ദ്രങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടിയെടുക്കണമെന്നും വാണിജ്യ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതു തടഞ്ഞുകൊണ്ട് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്നും ഉത്തരവിലുണ്ട്.
മലപ്പുറത്തുള്ള ഒരു മതവിഭാഗത്തിന്റെ സാംസ്കാരിക സംഘം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. മലപ്പുറം ജില്ലയിൽ ഇവർ നിർമിച്ച വാണിജ്യ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതിന് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ആരാധനാലയമാക്കി മാറ്റാൻ അനുമതി തേടിയ കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 ആരാധനാലയങ്ങളുണ്ട്.
ഈ സാഹചര്യത്തിൽ എന്തിനാണ് ഈ കെട്ടിടം കൂടി ആരാധനാലയമാക്കി മാറ്റുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. നേരത്തെ ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർണായക ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.
ഉചിതമായ അപേക്ഷകളിൽ മാത്രമേ ആരാധനാലയങ്ങൾക്ക് അനുമതി നൽകാവൂ. അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. അപൂർവങ്ങളിൽ അപൂർവ അപേക്ഷകളിൽ മാത്രമേ കൊമേഴ്സ്യൽ കെട്ടിടങ്ങളെ ആരാധനാലയങ്ങളാക്കാൻ അനുവദിക്കേണ്ടതുള്ളൂ. അനുമതി നൽകുന്നത് പൊലീസിന്റെയും ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
എല്ലാ മതവിഭാഗങ്ങളുടെയും, നിലവിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാ കേന്ദ്രങ്ങളെ ഹൈക്കോടതി ഉത്തരവ് ബാധിക്കുമെന്നാണ് വിലയിരുത്തൽ.