പനജി: ഗോവയിൽ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു നീക്കി കോൺഗ്രസ്. മൈക്കിൾ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി സന്ദർശിച്ചതിനു പിന്നാലെയാണു നടപടി. കോൺഗ്രസിനെ ദുർബലപ്പെട്ടുത്താൻ മൈക്കിൾ ലോബോ ഗൂഢാലോചന നടത്തിയെന്നു ഗോവയുടെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
കോൺഗ്രസ് വിളിച്ച വാർത്താസമ്മേളനത്തിലും മൈക്കിൾ ലോബോ പങ്കെടുത്തിരുന്നില്ല. മുതിർന്ന നേതാവ് ദിഗംബർ കാമത്തും വാർത്താസമ്മേളനത്തിൽനിന്നു വിട്ടുനിന്നു. 11 കോൺഗ്രസ് എംഎൽഎമാരുള്ളതിൽ രണ്ടു പേർ മാത്രമാണു പിസിസി ഓഫിസിലെത്തിയതെന്നാണു വിവരം.
പ്രതിപക്ഷ നേതൃസ്ഥാനം ദിഗംബര്‍ കാമത്തിനു നല്‍കാതെ മൈക്കിള്‍ ലോബോക്ക് നല്‍കിയതിലെ അതൃപ്തിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നു സൂചനയുണ്ടായിരുന്നു. മൈക്കിള്‍ ലോബോയും ഭാര്യ ദെലീല ലോബോയും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഈ വർഷം ജനുവരിയിലാണു ബിജെപി വിട്ടു കോൺഗ്രസിലെത്തിയത്.
എംഎൽഎമാർ ബിജെപിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ ഞായറാഴ്ച രാവിലെ മർഗാവലിലെ ഹോട്ടലിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഇതിൽ ഏഴ് എംഎൽഎമാർ പങ്കെടുത്തെന്ന് കോൺഗ്രസ് അവകാശപ്പെട്ടെങ്കിലും നാല് പേർ മാത്രമാണ് എത്തിയതെന്നാണു റിപ്പോർട്ട്.
ഏഴില്‍ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോവുകയാണെങ്കില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. കൂറുമാറില്ലെന്ന് ഭരണഘടനതൊട്ട് സത്യം ചെയ്യിച്ചാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിര്‍ത്തിയത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടു മാസങ്ങള്‍ക്കകം എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിൽ ചേരുകയാണെങ്കിൽ അത് കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാകും.