കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് പറഞ്ഞ വാക്കുകള്‍ മദ്യലഹരിയിലാണോ എന്ന് അന്വേഷിക്കണമെന്നു ഹൈക്കോടതി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ദിലീപ് ഇടയ്ക്കിടെ വേറെ മുറിയില്‍ പോയി മദ്യപിക്കുന്നതായി പറയുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ വീട്ടില്‍ വച്ച് ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു. ഗൂഢാലോചന തെളിയിക്കാന്‍ അത് നടത്തിയവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണം. ദിലീപിനെ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കും. കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മൂന്നാം മുറ പ്രയോഗിക്കുമെന്ന ആരോപണത്തില്‍ കഴമ്പില്ല. ഇത് എല്ലാ ജാമ്യാപേക്ഷകളിലും പറയുന്നതാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെയുള്ള അന്വേഷണത്തില്‍ ഗൂഢാലോചന നടന്നതായി വ്യക്തമാണ്. മുന്‍കാല അനുഭവം നോക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.