കൊച്ചി: ഉദ്യോഗാര്‍ത്ഥി നല്‍കിയ അപേക്ഷയിലെ പിഴവ് ശ്രദ്ധിക്കാതെ പി.എസ്.സി ഹാള്‍ ടിക്കറ്റ് നല്‍കിയത് പരീക്ഷയെഴുതാനുള്ള അവകാശമായി കാണാനാവില്ലെന്ന് ഹൈക്കോടതി. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കുള്ള പരീക്ഷക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചശേഷം അപേക്ഷയില്‍ പിഴവുണ്ടെന്ന കാരണത്താല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി അഡ്വ. എന്‍.എസ്. ഹസ്നമോള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.
അപേക്ഷയിലെ ഫോട്ടോയില്‍ ഹര്‍ജിക്കാരി പേരും തീയതിയും വെച്ചിരുന്നില്ല. ഇത് ശ്രദ്ധിക്കാതെ പി.എസ്.സി ഹാള്‍ ടിക്കറ്റ് അനുവദിച്ചു. പിന്നീട് ഈ പിഴവ് കാരണം പരീക്ഷ എഴുതുന്നതില്‍നിന്ന് ഹര്‍ജിക്കാരിയെ തടഞ്ഞു. പരീക്ഷയെഴുതാന്‍ പ്രത്യേക അവസരം നല്‍കുകയോ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുകയോ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അപേക്ഷയില്‍ പിഴവുണ്ടെങ്കില്‍ ഹാള്‍ ടിക്കറ്റ് അനുവദിക്കരുതായിരുന്നെന്നും വാദിച്ചു. എന്നാല്‍, പിഴവുള്ള അപേക്ഷയാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും അതിനാല്‍ പരീക്ഷയെഴുതാന്‍ യോഗ്യതയില്ലെന്നും പി.എസ്.സി വിശദീകരിച്ചു. ഫോട്ടോയില്‍ പേരും തീയതിയും രേഖപ്പെടുത്തിയിരുന്നില്ലെന്ന് ഹര്‍ജിക്കാരി സമ്മതിക്കുന്നതിനാല്‍ അപേക്ഷ നിയമപരമല്ലെന്ന് വ്യക്തമാണ്. ഈ വാദം അംഗീകരിച്ചാണ് ഹൈക്കാടതി വിധി.