നെടുമ്പാശേരി: ഇന്ത്യൻ വ്യോമയാന രംഗത്ത് കോവിഡ് അനന്തര കാലഘട്ടത്തിൽ പുതിയ പാത വെട്ടിത്തുറന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ). 2022-23 ലെ വരവ് ചെലവ് കണക്കിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർബോർഡ് യോഗം അംഗീകാരം നൽകി.
267.17 കോടി രൂപയാണ് സിയാലിന്റെ അറ്റാദായം. നിക്ഷേപകർക്ക് 35 ശതമാനം റിക്കോർഡ് ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. വിമാനത്താവള കമ്പനിയുടെ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും ലാഭവിഹിതവുമാണിത്. രജത ജൂബിലി വർഷത്തിൽ സിയാൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മൊത്ത വരുമാനം 1000 കോടി രൂപയാക്കി ഉയർത്താനുള്ള പദ്ധതി നടപ്പിലാക്കാനും ബോർഡ് തീരുമാനിച്ചു.
കോവിഡിന്റെ പ്രത്യാഘാതത്തിൽ 2020-21-ൽ 85.10 കോടി രൂപ നഷ്ടമുണ്ടാക്കിയ സിയാൽ കോവിഡാനന്തരം നടപ്പിലാക്കിയ സാമ്പത്തിക/ ഓപ്പറേഷണൽ പുനക്രമീകരണ നടപടികളുടെ ഫലമായി 2021-22-ൽ 22.45 കോടി രൂപ ലാഭം നേടിയിരുന്നു. കോവിഡാനന്തര വർഷത്തിൽ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമായിരുന്നു സിയാൽ. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ലക്ഷ്യം കണ്ടുതുടങ്ങിയതോടെ 2021-22-ൽ കമ്പനിയുടെ മൊത്തവരുമാനം 418.69 കോടി രൂപയായി.
ബോർഡ് അംഗീകരിച്ച കണക്ക് പ്രകാരം 2022-23-ൽ മൊത്തവരുമാനം 770.90 കോടി രൂപയായി ഉയർന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള കണക്കിൽ സിയാൽ നേടിയ പ്രവർത്തന ലാഭം 521.50 കോടി രൂപയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും. 2022-23-ൽ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാനസർവീസുകളും സിയാൽ കൈകാര്യം ചെയ്തു. സിയാലിന്റെ നൂറുശതമാനം ഓഹരിയുള്ള ഉപകമ്പനികളുടേയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബറിൽ അഞ്ച് മെഗാ പദ്ധതികൾക്ക് തുടക്കമിടാനും ഡയറക്ടർബോർഡ് യോഗത്തിൽ തീരുമാനമായി. ടെർമിനൽ-3 വികസനത്തിനായുള്ള നിർമാണ പ്രവർത്തനത്തിന് കല്ലിടൽ, പുതിയ കാർഗോ ടെർമിനൽ ഉദ്ഘാടനം, ഗോൾഫ് ടൂറിസം പദ്ധതി, ടെർമിനൽ-2 ൽ ട്രാൻസിറ്റ് അക്കോമഡേഷൻ നിർമാണോദ്ഘാടനം, ടെർമിനൽ-3 ന്റെ മുൻഭാഗത്ത് കൊമേഴ്‌സ്യൽ സോൺ നിർമാണോദ്ഘാടനം, എന്നിവയാണ് സെപ്റ്റംബറിൽ നിശ്ചയിച്ചിട്ടുള്ളത്. ഇവയിൽ ടെർമിനൽ-3 ന്റെ വികസനത്തിന് മാത്രം 500 കോടിയിലധികം രൂപയാണ് കണക്കാക്കപ്പെടുന്നത്.
25 രാജ്യങ്ങളിൽ നിന്നായി 22,000 നിക്ഷേപകരാണ് സിയാലിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരും ഡയറക്ടർമാരുമായ പി.രാജീവ്, കെ.രാജൻ, ഡയറക്ടർമാരായ ചീഫ് സെക്രട്ടറി വി.പി.ജോയി, ഇ.കെ.ഭരത് ഭൂഷൻ, എം.എ.യൂസഫ് അലി, ഇ.എം.ബാബു, എൻ.വി.ജോർജ്, പി.മുഹമ്മദലി, മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, കമ്പനി സെക്രട്ടറി സജി.കെ.ജോർജ് എന്നിവർ പങ്കെടുത്തു.