ബംഗളൂരു : കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഹൈക്കോടതിയെ സമീപിച്ച പെൺകുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ട്വിറ്ററിൽ പരസ്യപ്പെടുത്തി കർണാടക ബിജെപി. പെൺകുട്ടികളുടെ പേരും വയസും മേൽവിലാസവുമടക്കമാണ് ബിജെപി ട്വീറ്റ് ചെയ്തത്. എന്നാൽ ട്വീറ്റ് വലിയ തോതിൽ വിമർശനങ്ങൾക്കിടയാക്കിയതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഹിജാബ് വിവാദത്തിൽ കോടതിയെ സമീപിച്ചിരിക്കുന്ന വിദ്യാർഥികളിൽ അഞ്ച് പേർ പ്രായ പൂർത്തിയാകാത്തവരാണ്. രാഷ്ട്രീയ നിലനിൽപ്പിനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗികകാൻ സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും ലജ്ജയില്ലേ എന്നും വ്യക്തിഗത വിവരങ്ങൾക്കൊപ്പം ബിജെപി ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ഇനി എത്രത്തോളം അധപതിക്കും. ഇതാണോ കോൺഗ്രസിന്റെ ലഡ്കി ഹൂൻ ലഡ് സക്തി ഹൂ എന്നും ബിജെപി ട്വീറ്റ് ചെയ്തു.
ബിജെപിയുടെ ട്വീറ്റിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തി. പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പോലും ഉപയോഗിക്കാൻ നാണില്ലേ. ഇത് എത്രത്തോളം അപകടകരമാണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ? ദയനീയവും മോശവുമാണിതെന്ന് പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു. എത്രയും പെട്ടെന്ന് ഇതിനെതിരെ നടപടിയെടുക്കണമെന്ന് കർണാടക ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തു.