സ്വകാര്യ പാര്‍ട്ടിയില്‍ നൃത്തം ചെയ്ത് ആനന്ദിക്കുന്ന ഫിൻലാന്‍റ് പ്രധാനമന്ത്രി സന്ന മാരിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നാലെ വലിയ വിമര്‍ശനങ്ങളും സന്ന ഏറ്റുവാങ്ങി. ഇപ്പോഴിതാ സന്ന മാരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായ ഹിലരി ക്ലിന്റൻ. നൃത്തം തുടരൂ എന്ന കുറിപ്പോടെയാണ് ഹിലരി നൃത്തം ചെയ്യുന്ന ഫോട്ടോ പങ്കുവച്ചത്.
2012- ൽ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് കൊളംബിയയിൽ ഒരു അനൗദ്യോഗിക പാർട്ടിയിൽ പങ്കെടുത്തതിന്‍റെ ദൃശ്യമാണ് ഹിലരി ക്ലിന്‍റന്‍ പങ്കുവച്ചത്. ‘സന്ന മാരിൻ, നൃത്തം തുടരു’ എന്നും ഹിലരി ട്വിറ്ററില്‍ കുറിച്ചു. ഹിലരി ക്ലിന്‍റിന്‍റെ പോസ്റ്റിന് താഴെ ഉടന്‍ തന്നെ സന്നയുടെ മറുപടിയും എത്തി. ‘ഞാൻ ഒരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ഞാൻ സന്തോഷിക്കാറുണ്ട്. എനിക്കു മുകളിലെ കാർമേഘങ്ങള്‍ നീങ്ങും’- സന്ന കുറിച്ചു.
സന്ന മാരിൻ ഒരു പാർട്ടിയിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കറുത്ത ടാങ്ക് ടോപ്പും വെളുത്ത ജീൻസും ധരിച്ച പ്രധാനമന്ത്രി നൃത്തം ചെയ്യുന്നതും ഗാനമാലപിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇതോടെ എതിരാളികൾ വിമർശനവുമായി രംഗത്തെത്തി. സമൂഹ മാധ്യമത്തിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചെന്നും പ്രധാനമന്ത്രി ലഹരിമരുന്ന് ഉപയോഗിച്ചെന്നുമാണ് പ്രതിപക്ഷത്തിന്‍റെ പ്രചരണം.