ഷിംല ∙ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ച് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ നിർണായക തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ മുഖ്യ വാഗ്ദാനങ്ങളിൽ ഒന്നാണ് ഇതോടെ യാഥാർഥ്യമാകുന്നത്. അധികാരത്തിലേറിയതിനു പിന്നാലെയുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. വിഷയം ആഴത്തിൽ പഠിച്ച ശേഷമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അറിയിച്ചു
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിൽ ധനകാര്യ വകുപ്പ് ചില ആശങ്കകൾ ഉന്നയിച്ചെങ്കിലും എല്ലാത്തിനും പരിഹാരം കണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതിയ പെൻഷൻ പദ്ധതിക്കു കീഴിലുള്ള എല്ലാവർക്കും പഴയതിലേക്കു മാറാനാകുമെന്നും അദ്ദേഹം അറിയിച്ചു.
‘വോട്ടിനു വേണ്ടിയല്ല ഞങ്ങൾ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചത്. ഹിമാചലിന്റെ വികസന ചരിത്രം രചിച്ച ജീവനക്കാരുടെ അഭിമാനവും സാമൂഹിക സുരക്ഷയും സംരക്ഷിക്കുന്നതിനാണിത്.’– ഹിമാചൽ സെക്രട്ടേറിയറ്റിൽ ജീവനക്കാരെ അഭിസംബോധന ചെയ്യവേ സുഖു പറഞ്ഞു.
ഹിമാചലിലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കോൺഗ്രസിന്റെ മുഖ്യ ആയുധമായിരുന്നു പഴയ പെൻഷൻ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്ക്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സുഖു പറഞ്ഞിരുന്നത്. പെൻഷൻ തുകയുടെ മുഴുവൻ പങ്കും സർക്കാർ വഹിക്കുന്ന പഴയ പെൻഷൻ പദ്ധതി 2004 ഏപ്രിൽ ഒന്നിനാണ് നിർത്തലാക്കിയത്. പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ജീവനക്കാരും 14 ശതമാനം സര്‍ക്കാരും പങ്കിടുകയായിരുന്നു.
പഴയ പെൻഷൻ പദ്ധതി ഈ വർഷം നടപ്പാക്കുന്നതിനായി 800 മുതൽ 900 കോടി രൂപയാണ് സർക്കാരിനു വേണ്ടത്. മൂല്യവർധിത നികുതി അല്ലെങ്കിൽ ഡീസൽ വാറ്റ് എന്നിവയിൽ 3 രൂപ വർധനവിലൂടെ ഇത് നടപ്പാക്കാനാകുമെന്നും സുഖു അറിയിച്ചു.