തൃശൂർ: തൃശൂർ പൂരം തകർക്കാനുള്ള ശ്രമം ആസൂത്രിതമാണെന്ന് ഹിന്ദു സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഹൈന്ദവ ആചാരങ്ങളും ക്ഷേത്രോത്സവങ്ങളും ഇല്ലായ്മ ചെയ്യാൻ കാലങ്ങളായി നടക്കുന്ന ഗൂഢാലോചനയുടെ തുടർച്ചയാണ് തൃശൂർ പൂരം അട്ടിമറിക്കുന്നതിലേക്ക് എത്തിയത്. രണ്ട് നൂറ്റാണ്ടിലധികമായി നടക്കുന്ന തൃശൂർ പൂരം ചരിത്രത്തിലാദ്യമായി ഇടക്ക് നിർത്തിവെക്കേണ്ടിവന്നത് ഉത്കണ്ഠയുണ്ടാക്കുന്നതും ദുഃഖകരവുമാണ്.
സർക്കാറിന്റേയും ഉദ്യോഗസ്ഥരുടേയും അനാവശ്യ ഇടപെടൽമൂലം ഏതാനും വർഷങ്ങളായി പൂരം നടത്തിപ്പ് പ്രതിസന്ധിയിലാണ്. ഈ വർഷം അത് അട്ടിമറിയിലേക്ക് എത്തുമ്പോൾ ഗൂഢാലോചന വ്യക്തമാവുകയാണ്. കേരളത്തിൽ പലയിടത്തും ഇത്തരം അട്ടിമറി നീക്കം നടക്കുന്നുണ്ട്. പൂരം മുടക്കിയതിന് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും. പൂരം അട്ടിമറിക്ക് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഇതിന് സർക്കാർ തയാറായില്ലെങ്കിൽ ഹൈന്ദവ സംഘടനകൾ വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ഇവർ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, ജനറൽ സെക്രട്ടറി പി. സുധാകരൻ, ശബരിമല കർമസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ. കുമാർ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ, ക്ഷേത്രസംരക്ഷണ സമിതി തൃശൂർ ജില്ല പ്രസിഡന്റ് കെ. സതീഷ് ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.