ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎൽ) ഇന്ത്യൻ എയർഫോഴ്‌സും (ഐഎഎഫ്) 6,800 കോടി രൂപയുടെ ഇടപാടിൽ ഒപ്പുവച്ചു. 70 ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ-40 (HTT-40) ജെറ്റുകൾ നിർമിക്കാനാണ് കരാർ. ഇരട്ട സീറ്റുള്ള എച്ച്ടിടി-40 ജെറ്റുകൾ ബെയ്സിക് ഫ്ലൈയിങ് ട്രെയ്നിങ്, എയറോബാറ്റിക്സ്, ഇൻസ്ട്രുമെന്റ് ഫ്ലയിങ്, നാവിഗേഷൻ, നൈറ്റ് ഫ്ലയിങ്, ക്ലോസ് ഫോർമേഷൻ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഇതിന്റെ പരമാവധി ടേക്ക് ഓഫ് ഭാരം 2,800 കിലോഗ്രാം ആണ്. ഉയർന്ന വേഗം മണിക്കൂറിൽ 450 കിലോമീറ്ററും പറക്കൽ പരിധി 1,000 കിലോമീറ്ററും ആണ്.നിലവിൽ വ്യോമസേനയ്ക്ക് 106 എച്ച്ടിടി-40 ജെറ്റുകള്‍ ആവശ്യമുണ്ട്. ഇതിൽ 70 എണ്ണമാണ് ഇപ്പോൾ ഓർഡർ ചെയ്തിരിക്കുന്നതെന്ന് എച്ച്എഎലിന്റെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. നിലവിലെ എച്ച്എഎൽ എച്ച്പിടി-32 ദീപക്കിന് പകരമായി 181 ട്രെയിനർ ജെറ്റുകൾ വേണമെന്ന് വ്യോമസേന ആവശ്യപ്പെട്ടതിനെ തുടർന്നാണ് എച്ച്ടിടി-40 ജെറ്റുകള്‍ നിർമിക്കാൻ തീരുമാനിച്ചത്.
എച്ച്ടിടി-40 ന്റെ ആദ്യ വിമാനം പുറത്തിറങ്ങിയത് 2016 മെയ് മാസത്തിലായിരുന്നു. 2022 ജൂൺ 6ന് സെന്റർ ഫോർ മിലിട്ടറി എയർ വാർത്തിനസ് ആൻഡ് സർട്ടിഫിക്കേഷനിൽ നിന്ന് അനുമതി ലഭിച്ചു. പൈലറ്റുമാരുടെ പരിശീലനത്തിനായി 1984 മുതൽ എച്ച്പിടി–32 ദീപക്കും വ്യോമസേന ഉപയോഗിക്കുന്നുണ്ട്. വ്യോമസേനയുടെ ട്രെയിനി പൈലറ്റിന് മൂന്ന് ഘട്ടങ്ങളുള്ള പരിശീലന പ്രക്രിയയുണ്ട്. ബെയ്സിക്ക് പരിശീലത്തിന്, സ്റ്റേജ് 1 ൽ ഇപ്പോൾ എച്ച്ടിടി-40 ആണ് ഉപയോഗിക്കുന്നത്. സ്റ്റേജ് 2 ഇന്റർമീഡിയറ്റ് പരിശീലനത്തിനായി എച്ച്എഎൽ എച്ച്ജെടി-16 കിരണിലും യുദ്ധവിമാനങ്ങൾ പറത്തുന്നതിന് മുൻപുള്ള അവസാന ഘട്ടത്തിൽ ബ്രിട്ടിഷ് എയ്‌റോസ്‌പേസ് സിസ്റ്റത്തിന്റെ ഹോക്ക് അഡ്വാൻസ്‌ഡ് ജെറ്റിലുമാണ് നടക്കുന്നത്.ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ പരിശീലന വിമാനം കൂടിയാണ് ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ-40 (എച്ച് ടിടി-40). ഇന്ത്യൻ വ്യോമസേന നിലവിൽ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി സ്വിസ് നിർമിത പിലാറ്റസ് പിസി-7എംകെ II ബേസിക് ട്രെയിനർ എയർക്രാഫ്റ്റുകളും ഉപയോഗിക്കുന്നുണ്ട്.