റൂര്‍ക്കേല: ലോകകപ്പ് ഹോക്കിയില്‍ സ്പെയിനിനെ തകര്‍ത്ത് ഇന്ത്യ ജയത്തോടെ തുടങ്ങി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹാര്‍ദ്ദിക് സിംഗും അമിത് രോഹിദാസുമാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍.
ആദ്യ ക്വാര്‍ട്ടറിലെ പന്ത്രണ്ടാം മിനിറ്റില്‍ രോഹിദാസിലൂടെ ഇന്ത്യ മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ 26-ാം മിനിറ്റില്‍ ഹാര്‍ദ്ദിക് സിംഗ് ഇന്ത്യയുടെ ലീഡുയര്‍ത്തി. മത്സരത്തില്‍ 75 ശതമാനം പന്തടക്കം ഇന്ത്യക്കായിരുന്നു. 32-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗ് പെനല്‍റ്റി സ്ട്രോക്ക് പാഴാക്കിയില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിക്കാന്‍ അവസരമുണ്ടായിരുന്നു.
അവസാന ക്വാര്‍ട്ടറില്‍ മഞ്ഞക്കാര്‍ഡ് കണ്ട ഡി അഭിഷേക് 10 മിനിറ്റ് പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. അവസാന മിനിറ്റുകളില്‍ തുടര്‍ പെനല്‍റ്റി കോര്‍ണറുകളുമായി സ്പെയിന്‍ സമ്മര്‍ദ്ദമുയര്‍ത്തിയപ്പോള്‍ ഗോള്‍ കീപ്പര്‍ കൃഷന്‍ ബഹാദൂര്‍ പഥക്കിന്‍റെ നിര്‍ണായക സേവുകള്‍ ഇന്ത്യയുടെ രക്ഷക്കെത്തി. മലയാളി താരം പി ആര്‍ ശ്രീജേഷിന് പകരമാണ് പഥക് ഇന്ന് ഗോള്‍വല കാക്കാനിറങ്ങിയത്.
ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ന് നടന്ന പൂള്‍ ഡിയിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് വെയില്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തിരുന്നു. ഇതോടെ ഗോള്‍ ശരാശരിയില്‍ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നിലെത്തി. പൂളില്‍ നിന്ന് ഒരു ടീം മാത്രമാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് മുന്നേറുക.
പൂള്‍ എയിലെ മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയ എതിരില്ലാത്ത എട്ടു ഗോളിന് ഫ്രാന്‍സിനെ തകര്‍ത്തപ്പോള്‍ അര്‍ജന്‍റീന എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു.