കണ്ണൂര്‍: ലൈഫ് മിഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വന്‍ ജനപിന്തുണയാണ് ലൈഫ് പദ്ധതിക്കെന്നും 14 ലക്ഷം പേരാണ് പദ്ധതിയിലുടെ സ്വന്തം വീടിനര്‍ഹരായതെന്നും മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. കണ്ണൂര്‍ കടമ്പൂരിലെ 44 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറി. കടമ്പൂരിലെ ഭവന സമുച്ചയം ഉദ്ഘാടനം ചെയ്ത ശേഷം റംലത്ത് എന്ന യുവതിയുടെ ഫ്‌ളാറ്റില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു. കടമ്പൂരിന് പുറമെ കൊല്ലം പുനലൂരിലും കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലുമാണ് ഭവനസമുച്ചയങ്ങള്‍ ഇന്ന് കൈമാറിയത്. പുനലൂരില്‍ മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി എന്നിവര്‍ താക്കോല്‍ കൈമാറി. കോട്ടയം വിജയപുരത്ത് മന്ത്രി വിഎന്‍ വാസവനും ഇടുക്കി കരിമണ്ണൂരില്‍ മന്ത്രി റോഷി അഗസ്റ്റിനും താക്കോല്‍ കൈമാറി.
174 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ ഇന്ന് വീട് സ്വന്തമായത്. രണ്ട് ബെഡ്റൂമും ഒരു ഹാളും അടുക്കളയുമുള്ള അപ്പാര്‍ട്ട്മെന്റുകള്‍ക്കെല്ലാം പൊതുവായ ഇടനാഴിയും കുഴല്‍കിണറും കുടിവെള്ള സംഭരണിയും മാലിന്യ സംസ്‌കരണ സംവിധാനവും ജനറേറ്ററും സോളാര്‍ ലൈറ്റ് സംവിധാനവുമുണ്ട്. ഈ വര്‍ഷം ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് കൂടി വീടുകള്‍ കൈമാറുമെന്നും 25 ഭവന സമുച്ചയങ്ങള്‍ കൂടി നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.