ദുബൈ: തേൻ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. മധുരത്തോട് പ്രിയമുള്ളവരാണെങ്കില്‍ അല്‍പം തേന്‍ കഴിക്കാമെന്ന് പറഞ്ഞാലും ആരും നിരസിക്കില്ല. എന്നാല്‍ തേൻ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മധുരത്തെ പറ്റി ഓര്‍ക്കല്ലേ… കാരണം മധുരമില്ലാത്ത തേനുകളുമുണ്ട്. മിക്കവര്‍ക്കും ഇതൊരുപക്ഷെ പുതിയ അറിവായിരിക്കും.
തേനിലെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഹത്തയില്‍ നടത്തിയ തേനുത്സവത്തിലൂടെ ഇത്തരത്തിലുള്ള വ്യത്യസ്തമായ പല അനുഭവങ്ങളും സന്ദര്‍ശകര്‍ക്ക് ലഭിച്ചു. യുഎഇയിലെ പ്രധാന തേനുത്പാദന കേന്ദ്രമാണ് ഹത്ത.
അമ്പത് സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്ന മേളയില്‍ വിവിധ തരത്തിലുള്ള തേനുകളും തേന്‍ വിഭവങ്ങളുമാണ് പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. ശരിക്കും കാഴ്ചയ്ക്കും അനുഭവത്തിനുമെല്ലാം ഒരുപാട് സാധ്യതകളാണ് ഈ തേൻമേളയിലുള്ളത്.
ആദ്യമേ സൂചിപ്പിച്ചത് പോലെ തേനിനെ കുറിച്ചുള്ള നമ്മുടെ പരമ്പരാഗത കാഴ്ചപ്പാടുകളെല്ലാം പൊളിച്ചെഴുതുന്നതാണ് ഇവിടെ നിന്ന് ലഭിക്കുന്ന രുചിയറിവുകള്‍. നിറത്തിലും, മണത്തിലും രുചിയിലുമെല്ലാം ഓരോ തരം തേനും എത്തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു, ഇവയുടെ ഗുണങ്ങള്‍ എന്നിവയെല്ലാം ഹത്തയിലെ തേനുത്സവം നമ്മെ പഠിപ്പിക്കും.
ഏറെ ഔഷ ഗുണങ്ങളുമുള്ള തേനീച്ച കൂടുകളും പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. സിഡര്‍ മരത്തിന്‍റെയും സമര്‍ മരത്തിന്‍റെയും ചില്ലകളില്‍ നിറഞ്ഞുകിടക്കുന്ന തേന്‍കൂടുകള്‍ ആരിലും കൗതുകമുണര്‍ത്തുന്നതാണ്.
2015ല്‍ രണ്ടിനം തേനുകളുമായാണ് തേനുത്സവം ആദ്യമായി തുടങ്ങുന്നത്. ഏഴാം വാര്‍ഷികത്തിലേക്ക് മേള കടക്കുമ്പോള്‍ ഇക്കുറി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി അമ്പതോളം കര്‍ഷകരാണ് അവരുടെ ഉത്പന്നങ്ങളുമായി ഇവിടെയെത്തിയിട്ടുള്ളത്. വര്‍ഷങ്ങളുടെ ഇടവേളയില്‍ തേൻ കൃഷിയില്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു. കൃഷിരീതിയിലും, അതിനുപയോഗിക്കുന്ന ഉപകരണങ്ങളിലും, കര്‍ഷകരുടെ സമീപനങ്ങളിലും, ഉത്പന്നങ്ങളിലുമെല്ലാം മാറ്റമെത്തി. ഈ മാറ്റങ്ങളെല്ലാം തേനുത്സവത്തിന്‍റെ അന്തരീക്ഷത്തില്‍ നിന്ന് പഠിച്ചറിയാൻ സാധിക്കും.
കാലാവസ്ഥ, മരം, പൂക്കള്‍ എന്നിവയെല്ലാം ആശ്രയിച്ചാണ് തേനിന്‍റെ രുചിയിലും ഗുണത്തിലും മാറ്റങ്ങള്‍ വരുന്നത്. കിര്‍ഗിസ്താനില്‍ നിന്നുള്ള വെളുത്ത നിറത്തിലുള്ള തേനാണ് ഫെസ്റ്റിവലിലെ വ്യത്യസ്തമായ ഒരിനം. കുങ്കുമവും സുര്യകാന്തിപൂക്കളും വിളയുന്ന പാടങ്ങള്‍ക്ക് സമീപം സ്ഥാപിച്ച തേനീച്ച കൂടുകളില്‍ നിന്ന് ശേഖരിക്കുന്ന ഇവയ്ക്ക് മേന്മയേറുമത്രേ. ഇതിന് ആവശ്യക്കാരും കൂടുതലാണ്.
ഫെസ്റ്റിവലിലെത്തുന്ന എല്ലാ തേനുകളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ ദുബൈ സെന്‍ട്രല്‍ ലബോറട്ടറിയുടെ പ്രത്യേക ലാബ് ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ തേനുകളും ഇവിടെ തത്സമയ പരിശോധനയും നടത്തും. കൃത്രിമം നടത്തിയ തേനുകളൊന്നും വിപണിയിലെത്തില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കുന്നു. ഓരോ പ്രദര്‍ശകര്‍ക്കും തേനിന്‍റെ ഗുണനിലവാരം സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. യുഎഇയിലെ മലയോര മേഖലയിലെ പ്രധാന കൃഷി കൂടിയായ തേന്‍കൃഷി പുതുതലമുറയിലേക്ക് എത്തിക്കുകയെന്നതും തേന്‍ ഉത്സവത്തിന്‍റെ പ്രധാന ലക്ഷണമാണ്.