ഹോങ്കോങ്: മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് ഹോങ്കോങ്. ചീഫ് എക്സിക്യൂട്ടീവ് ജോൺലീ ആണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. കോവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തിലും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് നിർബന്ധിത മാസ്ക് ഉപയോഗം സർക്കാർ പിൻവലിച്ചത്.
ഹോങ്കോങ്ങിൽ ഇനിമുതൽ വീടിനകത്തും പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ ആശുപത്രികളിലും പകർച്ചവ്യാധി പടരാൻ സാധ്യതയുള്ള ഇടങ്ങളിലും മാസ്ക് ധരിക്കണം. മാർച്ച് ഒന്നുമുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുക.
ലോകത്ത് വീടിനകത്തും പുറത്തും ഏറെ കാലം മാസ്ക് നിർബന്ധമാക്കിയ നഗരങ്ങളിലൊന്നാണ് ഹോങ്കോങ്. 1000ത്തോളം ദിവസങ്ങൾക്ക് ശേഷമാണ് മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം അയൽ നഗരമായ മക്കാവും മാസ്ക് ഉപയോഗത്തിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു.
കോവിഡ് മഹാമാരിയുടെ വ്യാപനം നടയുന്നതിനായി കർശന നിയമങ്ങളാണ് ഹോങ്കോങ് ഭരണകൂടം നടപ്പാക്കിയിരുന്നത്. കോവിഡ് പ്രതിരോധത്തിനായി വീടിനകത്ത് വരെ മാസ്ക് നിർബന്ധിമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്നും 5,000 ഹോങ്കോങ് ഡോളർ പിഴയും ഈടാക്കിയിരുന്നു.