ബെംഗളൂരു: പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന്‍റെ ഭാഗമായി കര്‍ണാടകയില്‍ ഹുക്ക, ശീഷ ബാറുകള്‍ പൂര്‍ണമായും നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടൊപ്പം പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി 18 വയസില്‍നിന്ന് 21 വയസായി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി കോട്പയില്‍ (സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ട്സ് ആക്ട്) ഭേദഗതി കൊണ്ടുവരുമെന്ന് കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
ആരാധനാലയങ്ങള്‍, ചികിത്സാ കേന്ദ്രങ്ങള്‍, പൊതു ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവുടെ 100 മീറ്ററിനുള്ളില്‍ പുകയില വില്‍പനക്ക് നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കോട്പയില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെയാണ് കൂടുതല്‍ കര്‍ശനമായ നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഭേദഗതി കര്‍ശനമായി നടപ്പാക്കുന്നതിന് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ലൈസന്‍സ് നല്‍കുന്ന ബിബിഎംപി ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കും. ഹുക്ക വലിക്കുന്നവര്‍ക്ക് പോലും അതിനുള്ളില്‍ എന്താണ് ചേര്‍ക്കുന്നതെന്ന് അറിയില്ല. പലതരം രുചികളുടെ മറവില്‍ പലതരത്തിലുള്ള ലഹരി ഉള്‍പ്പെടെ ഹുക്കയില്‍ ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ട്.
പുകയില ഉപയോഗത്തിന്‍റെ മറവില്‍ ഹുക്ക ബാറുകള്‍ ലഹരി ഉപയോഗത്തിന്‍റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും 12 വയസിനും 17വയസിനും ഇടയിലുള്ള കൗമാരക്കാര്‍ ഉള്‍പ്പെടെ ലഹരിക്ക് അടിമപ്പെട്ടിരിക്കുകയാണെന്നും ഹുക്ക ബാറുകള്‍ യുവാക്കളെ ദോഷകരമായി ബാധിക്കുകയാണെന്നും ഗുണ്ടു റാവു പറഞ്ഞു. 45മിനുട്ടുനേരം ഹുക്ക വലിക്കുന്നത് 150 സിഗരറ്റ് വലിക്കുന്നതിന്‍റെ ദോഷം ശരീരത്തിനുണ്ടാക്കുന്നുണ്ടെന്ന് യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര പറഞ്ഞു.13 വയസിനും 29വയസിനും ഇടയിലുള്ളവരാണ് ഹുക്ക വലിക്കുന്നതില്‍ അടിമപ്പെട്ടിരിക്കുന്നത്. അതിനാലാണ് ഹുക്ക ബാറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹുക്ക രഹിത കര്‍ണാടകയാക്കി മാറ്റാനാണ് ശ്രമം. ഹുക്ക ഉപയോഗത്തിനെതിരെ സംസ്ഥാന വ്യാപകമായി ക്യാമ്പയിന്‍ നടത്തുമെന്നും ബി. നാഗേന്ദ്ര പറഞ്ഞു.