അബുദാബി: യുഎഇയില്‍ മതിയായ അനുമതികളില്ലാതെ പണപ്പിരിവ് നടത്താനോ സംഭാവനകള്‍ സ്വീകരിക്കാനോ പാടില്ലെന്ന് ഓര്‍മപ്പെടുത്തി അധികൃതര്‍. സന്നദ്ധ സംഘടനകള്‍, ഫെഡറല്‍ അല്ലെങ്കില്‍ പ്രാദേശിക അധികൃതര്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിവയ്ക്ക് രാജ്യത്തെ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അനുമതിയോടെ ധനശേഖരണം നടത്താം.
ലൈസന്‍സില്ലാതെ പണപ്പിരിവ് നടത്തുന്ന വ്യക്തികള്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബുധനാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിന് പുറമെ രണ്ട് ലക്ഷം ദിര്‍ഹത്തിനും അഞ്ച് ലക്ഷം ദിര്‍ഹത്തിനും ഇടയിലുള്ള തുക പിഴ അടയ്ക്കേണ്ടി വരികയും ചെയ്യും. അനുമതിയില്ലാതെ സംഭാവനകള്‍ സ്വീകരിക്കാനുള്ള വെബ്‍സൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ധനശേഖരണം നടത്തുകയോ ചെയ്യുന്നവരും നിയമപ്രകാരം കുറ്റക്കാരാണ്. ഇവരും ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.ധനശേഖരണത്തിന് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ പോലും അതിനായുള്ള പരസ്യങ്ങളോ മറ്റ് പ്രസിദ്ധീകരണങ്ങളോ പുറത്തിറക്കാനും അല്ലെങ്കില്‍ സംപ്രേക്ഷണം ചെയ്യാനും പ്രത്യേക അനുമതി വാങ്ങണമെന്ന് യുഎഇയിലെ ഫെഡറല്‍ നിയമം അനുശാസിക്കുന്നു. നിയമപ്രകാരം രണ്ട് തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് യുഎഇയില്‍ ധനശേഖരണം നടത്താന്‍ അനുമതിയുള്ളത്. സംഭാവനകള്‍ വാങ്ങാനും കൊടുക്കാനും മറ്റുമുള്ള നിയമങ്ങള്‍ പ്രകാരം സ്ഥാപിതമാകുന്ന ലൈസന്‍സും അംഗീകാരവുമുള്ള സ്ഥാപനങ്ങളാണ് ഒന്നാമത്തെ വിഭാഗം. ഇതിന് പുറമെ അനുമതിയുള്ള സന്നദ്ധസേവന സ്ഥാപനങ്ങള്‍ വഴി സംഭാവനകള്‍ സ്വീകരിക്കാന്‍ ലൈസന്‍സ് ലഭിക്കുന്നവയാണ് രണ്ടാമത്തെ വിഭാഗത്തില്‍പെടുന്ന സ്ഥാപനങ്ങള്‍.