റിയാദ്: മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കര്‍ശനമായി പിഴ ചുമത്താന്‍ സൗദി അറേബ്യ. നടക്കുന്നതിനിടയിലെ വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ ജനാലകളിലൂടെയോ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇനി മുതല്‍ 200 മുതല്‍ 1000 റിയാല്‍ വരെയാണ് പിഴ ചുമത്തുക.
പരിഷ്‌കരിച്ച മാലിന്യ കൈകാര്യ നിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. പാത്രങ്ങള്‍ക്കുള്ളിലെ മാലിന്യം വിതറുകയും പുനരുപയോഗിക്കാവുന്ന മാലിന്യങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 1,000 റിയാല്‍ മുതല്‍ പരമാവധി 10,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. മറ്റുള്ളവരുടെ വസ്തുവിലോ പൊതുസ്ഥലങ്ങളിലോ നിര്‍മ്മാണ മാലിന്യം വലിച്ചെറിഞ്ഞാല്‍ 50,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരും. നിര്‍മ്മാണം, നവീകരണം എന്നിവയക്കുള്ള പൊളിക്കല്‍ ജോലികളുടെ ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ 20,000 റിയാലാണ് പിഴയായി ഈടാക്കുക. മെത്തകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ വലിയ വലിപ്പത്തിലുള്ള പാര്‍പ്പിട മാലിന്യങ്ങള്‍ അതിനായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലും വഴിയോരങ്ങളിലും നിക്ഷേപിച്ചാല്‍ 1,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരും.