റിയാദ്: ദക്ഷിണ സൗദിയിലെ മൊഹായില്‍ അസീറില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-സ്‌കൂളില്‍ ഭീമന്‍ പാമ്പ് കയറിയത് വിദ്യാര്‍ഥികളെയും അധ്യാപികമാരെയും ഭീതിയിലാഴ്ചി. കടുത്ത വിഷമുള്ള പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടതിൽ വിദ്യാര്‍ഥികളും അധ്യാപികമാരും ദൈവത്തെ സ്തുതിക്കുന്നതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. സ്‌കൂള്‍ വാച്ച്മാന്റെ മാതാവു കൂടിയായ സ്‌കൂളിലെ വനിതാ ജീവനക്കാരിയാണ് നാലു മീറ്ററോളം നീളമുള്ള പാമ്പിനെ അടിച്ചുകൊന്നത്. സ്‌കൂള്‍ കെട്ടിടത്തിനു ചുറ്റും കാടു മൂടി കിടക്കുന്നതാണ് സ്‌കൂളില്‍ പാമ്പ് കയറാന്‍ കാരണമെന്ന് അധ്യാപികമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ട വകുപ്പുകള്‍ സ്‌കൂള്‍ പരിസരം സഹകരിച്ച് എത്രയും വേഗം കാടുവെട്ടി വൃത്തിയാക്കണമെന്നും അധ്യാപികമാര്‍ ആവശ്യപ്പെട്ടു.