കോഴിക്കോട് : ഹൗസ് സർജൻമാരുടെ ഡ്യൂട്ടി സമയം തീരുമാനിക്കുമ്പോൾ വിശ്രമസമയം അനുവദിക്കണമെന്നും അവരുടെ പരാതികൾ കേൾക്കാനും പരിഹാരം കാണാനും എല്ലാ സർക്കാർ ആശുപത്രികളിലും സംവിധാനം ഒരുക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ. മെഡിക്കൽ കോളജുകളിൽ ഇത്തരം സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകി.
24 മുതൽ 48 മണിക്കൂർ വരെ തുടർച്ചയായി ഹൗസ് സർജൻമാരെ ജോലിക്കു നിയോഗിക്കുന്നുവെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ മെഡിക്കൽ വിദ്യാർഥികൾ ഷിഫ്റ്റ് അനുസരിച്ചാണ് ജോലി ചെയ്യുന്നതെന്നും ജോലിയുടെ പേരിൽ ഇവർക്ക് മാനസിക സമ്മർദം ഉണ്ടാകാറില്ലെന്നും പറഞ്ഞു.
രാത്രികാല ഡ്യൂട്ടിക്ക് ആവശ്യാനുസരണം നഴ്സുമാരെ നിയോഗിക്കാറുണ്ട്. ഹൗസ് സർജൻസി എന്നത് പ്രവൃത്തി പരിചയത്തിന്റെയും പരിശീലനത്തിന്റെയും ഭാഗമാണ്. മറ്റു തൊഴിൽ മേഖല പോലെ സമയം നോക്കി ജോലി ചെയ്യാൻ കഴിയുന്നയൊന്നല്ല ആരോഗ്യ മേഖല. ചികിത്സാരംഗത്തെ ബുദ്ധിമുട്ടുകൾ മനസിലാക്കിക്കൊണ്ടു തന്നെയാണ് വിദ്യാർഥികൾ മെഡിസിൻ പഠിക്കാനെത്തുന്നതിനാൽ, പഠിക്കുന്ന കാലത്തെ ബുദ്ധിമുട്ടുകൾ സഹിക്കാൻ മെഡിക്കൽ വിദ്യാർഥികൾ തയ്യാറാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് സ്വീകരിച്ച കമ്മിഷൻ പരാതിയിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. അബു സുരയ്യ സക്രി സമർപ്പിച്ച പരാതിയിലാണ് നടപടി.