ന്യൂഡൽഹി: ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവെത്തിയത് 55,000 രൂപയുടെ നാണയങ്ങളുമായി. കോടതിയിലുള്ളവരെ ഞെട്ടിച്ചുകൊണ്ടാണ് നാണയങ്ങളുള്ള വലിയ ബാഗുമായി ഭർത്താവെത്തിയത്. തുടർന്ന് ഇതിനെതിരെ ഭാര്യ കോടതിയിൽ വാദിച്ചപ്പോൾ നിയമപരമായി നിലനിൽക്കുന്ന നാണയങ്ങളാണ് താൻ നൽകിയതെന്നായിരുന്നു ഭർത്താവിന്റെ വാദം.
ഇരു വാദങ്ങളും കേട്ടതിന് ശേഷം അടുത്ത ഹിയറിങ്ങിന് മുമ്പ് 55 ബാഗുകളിൽ നാണയങ്ങൾ ഭാര്യക്ക് നൽകാൻ കോടതി നിർദേശിച്ചു. ഓരോ ബാഗുകളിലും 1000 രൂപയുടെ നാണയങ്ങൾ വെച്ച് നൽകാനാണ് നിർദേശം.
–
ദർശിത് സീമയെ 10 വർഷങ്ങൾക്ക് മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അത് വിവാഹമോചനത്തിലേക്ക് എത്തുകയും ചെയ്തു. വിവാഹ മോചനം അനുവദിക്കുമ്പോൾ സീമക്ക് ജീവനാംശമായി ദർശിത് പ്രതിമാസം 5000 രൂപ നൽകണമെന്ന് കോടതി ഉത്തരവിട്ടു.
കഴിഞ്ഞ 11 മാസമായി ഭർത്താവ് ഭാര്യക്ക ജീവനാംശം നൽകിയിരുന്നില്ല. തുടർന്ന് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചു.
ജൂൺ 17നാണ് ദർശിതിനെ അറസ്റ്റ് ചെയ്തത്. അന്നു തന്നെ സീമക്ക് കൊടുക്കാനുള്ള പണം ഇയാളുടെ ബന്ധുക്കൾ എത്തിച്ചുനൽകി. തുടർന്നാണ് കോടതിയിൽ നിന്നും നിർണായക നിർദേശമുണ്ടായത്.