ഹൈദരാബാദ് : തെലങ്കാനയിലെ ദുരഭിമാനക്കൊലയിൽ പ്രതികരണവുമായി ന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലിം യുവതിയെ വിവാഹം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ സംഭവം ക്രിമിനൽ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഒവൈസി. സരൂർനഗറിൽ നടന്ന സംഭവത്തെ ഞങ്ങൾ അപലപിക്കുന്നു. യുവതി വിവാഹിതയാകാൻ തീരുമാനിച്ചു. ഭർത്താവിനെ കൊല്ലാൻ അവളുടെ സഹോദരന് അവകാശമില്ല. ഇത് ക്രിമിനൽ നടപടിയാണ്. ഭരണഘടന പ്രകാരവും ഇസ്‌ലാം മതപ്രകാരവും ഹീനമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
“ഇന്നലെ മുതൽ ഈ സംഭവത്തിന് ചിലർ മറ്റൊരു നിറം കൊടുക്കുകയാണ്. പൊലീസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തു. ഞങ്ങൾ കൊലപാതകികൾക്കൊപ്പം നിൽക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളിയിൽ ഉയർന്ന റെസല്യൂഷൻ സിസിടിവി സ്ഥാപിക്കണമെന്നും ഘോഷയാത്ര നടക്കുമ്പോഴെല്ലാം അത് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ആരാണ് കല്ലെറിയുന്നതെന്ന് ലോകം അറിയാൻ ഫേസ്ബുക്കിൽ ലൈവ് ടെലികാസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിപുരം നാഗരാജുവിനെ കൊലപ്പെടുത്തിയ കേസിൽ പല്ലവി എന്ന അഷ്രിൻ സുൽത്താനയുടെ രണ്ട് ബന്ധുക്കളെ ഹൈദരാബാദ് സരൂർനഗർ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പട്ടികജാതി സമുദായത്തിൽപ്പെട്ട ബില്ലിപുരം നാഗരാജുവും മുസ്ലീം സമുദായത്തിലെ അഷ്രിൻ സുൽത്താനയും അഞ്ച് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. സ്‌കൂൾ മുതൽ സഹപാഠികളായിരുന്നു. ഇരുവരും ഒരേ സ്‌കൂളിലും കോളേജിലും പഠിച്ചു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് വിവാഹിതരായത്. എന്നാൽ കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തിയ ഇവരെ യുവതിയുടെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നു. യുവാവിനെ പെൺകുട്ടിയുടെയും നാട്ടുകാരുടെയും മുന്നിലിട്ട് വെട്ടിക്കൊന്നു.












