ന്യൂഡൽഹി: ജോലിക്കായി റഷ്യയിലെത്തി കബളിപ്പിക്കപ്പെടുകയും യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്ത ഇന്ത്യൻ സംഘത്തിലെ യുവാക്കളിലൊരാൾ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്‍ഫാൻ (30) എന്നയാളാണ് കൊല്ലപ്പെട്ടത്.
മോസ്കോയിലെ ഇന്ത്യൻ എംബസിയാണ് അസ്‍ഫാൻ മരിച്ച വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. മരണ കാരണമോ, മറ്റു വിവരങ്ങളോ എംബസി വെളിപ്പെടുത്തിയിട്ടില്ല. 90 ദിവസത്തെ ടൂറിസ്റ്റ് വിസയിൽ റഷ്യയിലെത്തി കബളിപ്പിക്കപ്പെടുകയും തങ്ങളെ യുക്രെയ്നുമായുള്ള യുദ്ധമുഖത്ത് വിന്യസിക്കുകയും ചെയ്ത വിവരം യുവാക്കൾ തന്നെയാണ് വിഡിയോയിലൂടെ വെളിപ്പെടുത്തിയത്. ‘ഇന്ത്യക്കാരനായ മുഹമ്മദ് അസ്‍ഫാന്‍റെ ദാരുണമായ മരണത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ കുടുംബവുമായും റഷ്യൻ അധികൃതരുമായും ബന്ധപ്പെടുന്നുണ്ട്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും’ -മോസ്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അസ്‍ഫാന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് സംഘം റഷ്യയിലെത്തുന്നത്. അസ്ഫാനെ റഷ്യയിൽനിന്നു തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈദരാബാദ് എം.പി അസദുദ്ദീൻ ഉവൈസിയെ കണ്ടിരുന്നു. റഷ്യൻ യുദ്ധമുഖത്തു നിരവധി ഇന്ത്യക്കാർ കുടുങ്ങിയതായും ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 20 പേർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടെന്നായിരുന്നു ദിവസങ്ങൾക്കു മുമ്പ് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയത്.