കൊതുകുകള്‍ പോലുള്ള പ്രാണികള്‍ പരത്തുന്ന രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും പത്ത് ലക്ഷത്തോളം പേര്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആകെ പകര്‍ച്ചവ്യാധികളുടെ 17 ശതമാനവും ഇത്തരത്തിലുള്ള പ്രാണി ജന്യ രോഗങ്ങളാണ്. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ പടരവേ ഇതിന് പരിസ്ഥിതി സൗഹൃദമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.
ബാസിലസ് തുറിഞ്ചിയന്‍സിസ് ഇസ്രായേലെന്‍സിസ്(ബിടിഐ സ്ട്രെയ്ന്‍ വിസിആര്‍ബി ബി-17) എന്ന ഒരു തരം ബാക്ടീരിയയെ ഉപയോഗിച്ചാണ് കൊതുക് നിയന്ത്രണം സാധ്യമാക്കുന്നത്. ഐസിഎംആറിന്‍റെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്‍റര്‍(വിസിആര്‍സി) വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ കൊതുകകളുടെയും ഈച്ചകളുടെയും കൃമികളെ മാത്രമേ ലക്ഷ്യം വയ്ക്കുകയുള്ളൂ. മറ്റ് പ്രാണികള്‍ക്കോ ജലജീവികള്‍ക്കോ ജന്തുക്കള്‍ക്കോ ഇവ നാശം വരുത്തില്ല.
ബിടിഐയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തു കൊതുകിന്‍റെയും ഈച്ചയുടെയും ഉള്ളില്‍ ചെന്നു കഴിഞ്ഞാല്‍ അവയുടെ വയറിലേക്ക് പുറന്തള്ളപ്പെടും. മിനിറ്റുകള്‍ക്കുള്ളില്‍ ഇത് അവയുടെ വയര്‍ നശിപ്പിക്കുകയും ചെയ്യുന്നു. നാളിതു വരെ രാസകീടനാശിനികളാണ് കൊതുക് നിയന്ത്രണത്തില്‍ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവ മണ്ണിനും ജലത്തിനും ഹാനികരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനോഫോസ്ഫേറ്റ്സ് മണ്ണിലൂടെയും വെള്ളത്തിലൂടെയും മനുഷ്യരുടെ ഉള്ളിലെത്തിയാല്‍ നാഡീവ്യവസ്ഥയെ വരെ ബാധിക്കും. മാത്രമല്ല ഈ രാസ കീടനാശിനിക്കെതിരെ കൊതുകുകളും ഈച്ചകളും പ്രതിരോധം ആര്‍ജ്ജിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇതിനാലാണ് ബിടിഐ പോലുള്ള ജൈവ മാര്‍ഗങ്ങളിലേക്ക് തിരിയുന്നതെന്ന് വിസിആര്‍സി ഡയറക്ടര്‍ ഡോ. അശ്വനി കുമാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം കേന്ദ്ര ആരോഗ്യ മന്ത്രി ഈ സാങ്കേതിക വിദ്യ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡിന് കൈമാറിയിരുന്നു. ഇത് ഉപയോഗിച്ചുള്ള ജൈവ കീടനാശിനി എച്ച്ഐഎല്‍ നിര്‍മിക്കും. ഇന്ത്യയ്ക്ക് മാത്രമല്ല മിതശീതോഷ്ണ കാലാവസ്ഥയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഇത് ഉപകാരപ്രദമായതിനാല്‍ ഈ ജൈവകീടനാശിനിയുടെ കയറ്റുമതിയും രാജ്യം ലക്ഷ്യമിടുന്നു.