തെൽഅവീവ്: ഗസ്സയിൽ മനുഷ്യക്കുരുതി തുടരുന്ന ഇസ്രായേൽ അധിനിവേശ സേന, അബദ്ധത്തിൽ തങ്ങളുടെ തന്നെ 29 സൈനികരെ വകവരുത്തിയതായി ഇസ്രായേൽ. ഗസ്സയിൽ കരയാക്രമണം തുടങ്ങിയ ഒക്‌ടോബർ അവസാനവാരം മുതൽ കൊല്ലപ്പെട്ട 172 സൈനികരിലാണ് ഇത്രയുംപേർ അബദ്ധത്തിൽ കൊല്ലപ്പെട്ടതെന്ന് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കരയുദ്ധത്തിനിടെ 143 സൈനികരെ ഹമാസ് ആക്രമിച്ച് കൊല്ലപ്പെടുത്തിയതായും ഐ.ഡി.എഫ് സ്ഥിരീകരിച്ചു.
‘സൗഹൃദ വെടിവെപ്പിൽ’ മരിച്ചവരിൽ 20 പേർ നേരിട്ടുള്ള വെടിവെപ്പിലും വ്യോമാക്രമണത്തിലും ടാങ്ക് ഷെല്ലിങ്ങിലും ഒമ്പത് പേർ അപകടങ്ങളിലുമാണ് കൊല്ലപ്പെട്ടത്. കവചിത വാഹനങ്ങൾ ദേഹത്ത് കയറിയും ഗസ്സയിലെ വീടുകളും കെട്ടിടങ്ങളും തകർക്കുന്നതിനിടെ അവശിഷ്ടങ്ങളും ആയുധച്ചീളുകളും തെറിച്ച് വീണുമാണ് അപകടങ്ങൾ സംഭവിച്ചത്. ഡിസംബർ 30, 31 തീയതികളിൽ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഗസ്സയിൽ സൈനികരുടെ ബാഹുല്യവും സേനാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയ പ്രശ്നങ്ങളും നിയന്ത്രണങ്ങൾ പാലിക്കാത്തതുമാണ് മരണങ്ങൾക്ക് കാരണമായി ഇസ്രായേൽ സൈന്യം ചൂണ്ടിക്കാണിക്കുന്നത്. ആഴ്ചയിൽ രണ്ട് മുതൽ ആറ് വരെ സൈനികർ ഇത്തരത്തിൽ കൊല്ലപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.