മൂന്നാര്‍. ശൈശവവിവാഹം ചെയ്ത നാല്പ്പത്തിയഞ്ചുകാരന് പൊലീസ് പിടിയിലായി. ഇടമലക്കുടി ആദിവാസി കുടിയില്‍ കണ്ടത്തുകൂടി ഊരിലെ രാമന് ആണ് പിടിയിലായത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ മൂന്നാര്‍ പൊലീസ് ഇടമലക്കുടിയിലെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു വന്നിരുന്ന പ്രതി ഇടമലക്കുടിയില്‍ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് സംഘം ഇടമലക്കുടിയിലേക്ക് തിരിക്കുകയായിരുന്നു. മൂന്നാര്‍ സി ഐ മനേഷ് കെ പൗലോസ്, സി ഐ കെ ഡി മണിയന്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഡോണി ചാക്കോ, അനീഷ് ജോര്‍ജ്, പ്രദീപ് കുമാര്‍, സക്കീര്‍ ഹുസൈന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടുകൂടിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം. വിവാഹിതനും പ്രായപൂര്‍ത്തിയായ രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു വരന്. വിവാഹത്തെ തുടര്‍ന്ന് രണ്ടു പേരും ഒളിവിലായിരുന്നു. പിന്നീട് ഇടമലക്കുടിയിലെത്തിയ പൊലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തുകയും സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കായി തെരച്ചിൽ പൊലീസ് സജീവമാക്കിയത്.