കോഴിക്കോട്: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് വടകര മണ്ഡലത്തിൽ മാത്രമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. വടകരയിലെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുത്താൽ അടുത്ത അഞ്ച് വർഷം ഒരു ഉപതെരഞ്ഞെടുപ്പിനായി അവർക്ക് പോളിങ് ബൂത്തിൽ പോകേണ്ടി വരില്ല. എം.പിയായൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.വടകര സിറ്റിങ് സീറ്റാണെന്നും കഴിയുന്ന വിധത്തിൽ മണ്ഡലത്തെ പരിപാലിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.കണ്ണൂർ ലോക്സഭ സീറ്റിൽ മത്സരിക്കില്ല. കണ്ണൂരിലേക്ക് മാറേണ്ട ആവശ്യമില്ല. കണ്ണൂർ സീറ്റിൽ യുവാക്കൾ വരട്ടെ എന്നും മുരളീധരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ എതിരാളി ഒരു പ്രശ്നമല്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പ്. എൽ.ഡി.എഫ് സ്ഥാനാർഥി ആരെന്ന് തീരുമാനിക്കേണ്ടത് സി.പി.എം ആണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
കെ.പി.സി.സി. അധ്യക്ഷനായ കെ. സുധാകരൻ വരുന്ന തെരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് മത്സരിക്കുന്നില്ലെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ആരോഗ്യ കാര്യങ്ങളും കെ.പി.സി.സി. അധ്യക്ഷൻ എന്ന നിലയിലും കൂടുതൽ സമയം ആവശ്യമായ സാഹചര്യത്തിലാണ് സുധാകരന്‍റെ ഈ തീരുമാനം. നിലവിൽ വടകര എം.പിയായ കെ. മുരളീധരനെ കണ്ണൂർ സീറ്റ് നിലനിർത്താൻ സ്ഥാനാർഥിയാക്കുന്നത് ഉചിതമാണെന്ന ചർച്ചയും നടക്കുന്നുണ്ട്.