കൊച്ചി: ചട്ടലംഘനത്തിന്റെ പേരിൽ മോട്ടർ വാഹന വകുപ്പ് (എംവിഡി) കസ്റ്റഡിയിലെടുത്ത വാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഇ ബുൾ ജെറ്റ് വ്ലോഗർ സഹോദരന്മാരായ എബിനും ലിബിനും നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ തലശ്ശേരി മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു. രൂപമാറ്റം വരുത്തിയ ‘നെപ്പോളിയൻ’ എന്ന വാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണമെന്നും കോടതി നിർദേശിച്ചു.
എംവിഡി സർട്ടിഫിക്കറ്റ് നൽകും വരെ വാഹനം നിരത്തിൽ ഇറക്കാനും അനുമതിയില്ല. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്നും നിയമാനുസൃതമായ രീതിയിൽ സ്റ്റേഷനിൽ സൂക്ഷിക്കണമെന്നുമായിരുന്നു തലശേരി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് ഇ ബുൾ ജെറ്റ് സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്.