ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇതിനുപുറമെ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) യിലെ മറ്റ് 80 അംഗങ്ങലെയും നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെ അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് വിലക്കേര്‍പ്പെടുത്തിയത്.
സര്‍ക്കാര്‍ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. അതിനിടെ, പല പ്രവിശ്യകളിലും ആര്‍ട്ടിക്കിള്‍ 245 ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇമ്രാന്‍ ഖാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി, ഇത് അപ്രഖ്യാപിത സൈനിക നിയമമാണെന്ന് വിശേഷിപ്പിച്ചു.