മലപ്പുറം : മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ പക്ഷികൾ അരുംകൊല ചെയ്യപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ജെ സി ബി ഡ്രൈവറേയും വാഹനവും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കരാർ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആണ് വനം വകുപ്പ് കേസെടുത്തത്. കെ എൻ ആർ സി എന്ന കമ്പനിയാണ് ദേശീയപാത വികസനത്തിനു കരാർ ഏറ്റെടുത്തിരിക്കുന്നത്. മരം മുറിക്കുന്നതിന് ഇവർ ഉപകരാർ നൽകുകയായിരുന്നു.
പക്ഷികൾ ചത്ത സംഭവം വിവാദമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തി. എന്നാൽ ഇവർ എത്തും മുമ്പ് മൂന്ന് ചാക്കുകളിലായി ചത്ത പക്ഷികളെ തൊഴിലാളികൾ മാറ്റി .ഇത് അടുത്തുള്ള സ്ഥലത്തു കൊണ്ടുപോയി മറവു ചെയ്യുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.