ന്യൂഡൽഹി∙ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളെ ആദായനികുതി പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സഹകരണ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹകരണ മന്ത്രാലയം ഡൽഹിയിൽ നടത്തിയ യോഗത്തിലാണ് വിഷയം ഉന്നയിച്ചത്. ആദായനികുതി നിയമം 80 (പി) അനുസരിച്ചുള്ള ഇളവ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. വിഷയം തുടരാലോചനകൾക്കായി പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചതായാണ് വിവരം.
സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ/ബാങ്കിങ് എന്നീ വാക്കുകൾ ഉപയോഗിക്കരുതെന്ന ആർബിഐ നിർദേശത്തിനെതിരെയും പല സംസ്ഥാനങ്ങൾ ആശങ്ക പങ്കുവച്ചു. എന്നാൽ ആർബിഐയുടെ നിലപാട് കേന്ദ്രം ശരിവച്ചു.
സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്തവരിൽ നിന്നു നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിർദേശങ്ങളുമായി 2021 നവംബർ 22നാണ് റിസർവ് ബാങ്ക് വാർത്തക്കുറിപ്പ് ഇറക്കിയത്. കേരളത്തിനു വേണ്ടി സഹകരണ റജിസ്ട്രാർ അലക്സ് വർഗീസാണ് യോഗത്തിൽ പങ്കെടുത്തത്. 21 സംസ്ഥാനങ്ങളിലെ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
കേന്ദ്ര തീരുമാനങ്ങൾ
∙ നിലവിൽ വരാൻ പോകുന്ന ദേശീയ സഹകരണ സർവകലാശാലയുടെ കീഴിൽ സഹകരണ സംഘങ്ങളിലെ ജനറൽ ബോഡി അംഗങ്ങൾ, ബോർഡ് ഓഫ് ഡയറക്ടർമാർ എന്നിവർക്കായി പരിശീലനം.
∙ രാജ്യത്തെ 220ലധികം സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർവകലാശാല വഴി അഫിലിയേഷൻ. കോ–ഓപ്പറേറ്റീവ് മേഖലയിൽ എംബിഎ, ഡിപ്ലോമ എന്നിവയും.
∙ പഴയകാല ബൈലോ പിന്തുടരുന്ന പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾക്ക് പുതിയ ബൈലോ. വിഷയത്തിൽ 1,500ലധികം അഭിപ്രായങ്ങൾ ലഭിച്ചു.
∙ സഹകരണ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ദേശീയ സഹകരണ ഡേറ്റാബേസ് ഉടൻ.
∙ കയറ്റുമതി പ്രോത്സാഹിപ്പിക്കൽ, കൃഷിക്കാർക്ക് വിത്ത് ലഭ്യമാക്കൽ, ഓർഗാനിക് ഉൽപന്നങ്ങളുടെ ഉൽപാദനം എന്നിവയ്ക്കായി 3 സംസ്ഥാനാന്തര സഹകരണ സംഘങ്ങൾ.
∙ നാഷനൽ കോ–ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപറേഷൻ വായ്പവിതരണം 34,200 കോടിയിൽ നിന്ന് 60,000 കോടിയായി ഉയർത്തും.