ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർധനവുണ്ടായതായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം. ദേശീയ വനിത കമീഷന് ലഭിക്കുന്ന പരാതികൾ വർധിച്ചതായി വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ലോകസഭയിൽ അറിയിച്ചു.
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 2022ൽ 357 കേസുകളാണ് കമീഷന് ലഭിച്ചത്. 2021ൽ 341ഉം 2020ൽ 330ഉം ആയിരുന്നു സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ലഭിച്ച കേസുകളുടെ എണ്ണം. ബലാത്സംഗം, ബലാത്സംഗ ശ്രമം എന്നിവയുമായി ബന്ധപ്പെട്ട് 1710 പരാതികൾ ലഭിച്ചിട്ടുണ്ട്. 2020, 2021വർഷങ്ങളിൽ ഇത് യഥാക്രമം 1681ഉം 1236ഉം ആയിരുന്നു.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 764 അതിവേഗ കോടതികൾ 1,44,000ലധികം കേസുകൾ തീർപ്പാക്കിയതായും മന്ത്രി സഭയെ അറിയിച്ചു. 1,98,000 കേസുകൾ ഇപ്പോഴും കോടതികളിൽ കെട്ടിക്കിടക്കുകയാണ്.