നെല്ലിക്കയിൽ പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. പോളിഫെനോൾസ്, ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞ നെല്ലിക്ക വിവിധ ആരോഗ്യഗുണങ്ങൾ നൽകുന്നു. നെല്ലിക്കയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ക്വെർസെറ്റിൻ, ഗാലിക് ആസിഡ്, കോറിലാജിൻ, എലാജിക് ആസിഡുകൾ തുടങ്ങിയ ഫൈറ്റോകെമിക്കലുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ നെല്ലിക്ക സഹായകമാണ്.
പ്രമേഹരോഗികളിൽ ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താൻ നെല്ലിക്ക സഹായിക്കുന്നു. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഫൈബർ ഉള്ളടക്കം വിശപ്പ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി കൊഴുപ്പ് കുറയ്ക്കാൻ നെല്ലിക്ക ഫലപ്രദമാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദഹന പ്രക്രിയ ലഘൂകരിക്കുന്നതിലൂടെ വയർ വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ടാന്നിക് ആസിഡ് നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ നെല്ലിക്ക ഉപയോഗപ്രദമാകും. ലിപിഡ്, കൊളസ്ട്രോൾ മെറ്റബോളിസത്തിൽ ഉൾപ്പെടുന്ന പ്രധാന പ്രോട്ടീനാണ് PPAR-a. PPAR-a യുടെ അളവ് വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുന്നു, അതുവഴി ശരീരത്തിലെ മൊത്തം കൊളസ്ട്രോൾ, LDL കൊളസ്ട്രോൾ, VLDL കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കുന്നു.
നെല്ലിക്കയിലെ വിറ്റാമിൻ സിയുടെ ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഇത് ഹൃദയത്തിലെ ധമനികളെ ശക്തിപ്പെടുത്തുകയും കട്ടിയാക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് വിറ്റാമിൻ സി പ്രധാനമാണ്. വിറ്റാമിൻ സി കൊളാജൻ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്രോമിയം നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു, ഇത് ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും.