ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ രൂപീകരിച്ച ഇൻഡ്യ സഖ്യത്തിന് തുടക്കത്തിലെ ആവേശമില്ലെന്നും അത് നിർജീവമായി പോയെന്നുമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
നിതീഷ് കുമാറിനെ ഫോണിൽ വിളിച്ചതായും കോൺഗ്രസിനെ സംബന്ധിച്ച് ഇൻഡ്യ സഖ്യം ഏറെ നിർണായകമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഖാർഗെ വ്യക്തമാക്കി. നിലവിൽ വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇൻഡ്യ സഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, മിസോറം സംസ്ഥാനങ്ങളിലാണ് ഈ മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പുകൾ.
ഇക്കഴിഞ്ഞ ദിവസമാണ് കോൺഗ്രസിന് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് താൽപര്യമെന്നും ഇൻഡ്യ സഖ്യം മന്ദതയിലാണെന്നും യാതൊരു വിധി പുരോഗതിയുമില്ലെന്നുംനിതീഷ് കുമാർ ആരോപിച്ചത്.