ബെനോനി: അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 167 റണ്‍സ് വിജയലക്ഷ്യം. ബെനോനി, വില്ലോമൂര്‍ പാര്‍ക്കില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് സിമോണെ ലോറന്‍സിന്റെ (61) അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഷെഫാലി വര്‍മ ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു. സീനിയര്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷും അണ്ടര്‍ 19 ടീമിലുണ്ട്.
മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ എലാന്‍ഡ്രി റെന്‍സ്ബര്‍ഗ് (23)- സിമോണെ സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തു. സോനം യാദവാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. മൂന്നാമതായി ക്രീസിലെത്തിയ ഒലൂലെ സിയോയെ (0) ആദ്യ പന്തില്‍ തന്നെ ഷെഫാലി പുറത്താക്കി. കെയ്ല്‍ റെയ്‌നകെയ്ക്കും (11) തിളങ്ങാനായില്ല. ഇതോടെ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ മൂന്നിന് 89 എന്ന നിലയിലായി.
എന്നാല്‍ മാഡിസണ്‍ ലാന്‍ഡ്‌സ്മാനെ (17 പന്തില്‍ 32) കൂട്ടുപിടിച്ച് സിമോണെ നടത്തിയ പോരാട്ടം മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും പുറത്തായെങ്കിലും കെറാബോ മെസോ (19), മിയാനെ സ്മിത് (16) സ്‌കോര്‍ 160 കടത്തി. 44 പന്തുകള്‍ നേരിട്ട സിമോണെ ഒരു സിക്‌സും ഒമ്പത് ഫോറും നേടി. ഷെഫാലിക്ക് പുറമെ സോനം യാദവ്, പര്‍ഷവി ചോപ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ഇന്ത്യന്‍ ടീം: ശ്വേത ശരാവത്, ഷെഫാലി വര്‍മ, ഗൊങ്കടി തൃഷ, സൗമ്യ തിവാരി, റിച്ചാ ഘോഷ്, സോണിയ മെന്ധിയ, ഹൃഷിത ബസു, അര്‍ച്ചന ദേവി, പര്‍ഷവി ചോപ്ര, ഷബ്‌നം എംഡി, സോനം യാദവ്.
ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ സ്‌കോട്ലന്‍ഡ്, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. 16 ടീമുകള്‍ ലോകകപ്പിന്റെ ഭാഗമാവും. ഗ്രൂപ്പില്‍ നിന്ന് മൂന്ന് ടീമുകള്‍ വീതം അടുത്ത റൗണ്ടിലേക്ക് മുന്നേറും. നാല് ഗ്രൂപ്പില്‍ നിന്ന് 12 ടീമുകള്‍. ഇവരെ ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പായി തിരിക്കും. ഇരു ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക്.