ന്യൂഡൽഹി∙ രാജ്യത്ത് 3,038 പേർക്ക് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 21,179 ആയതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ഒൻപതു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,30,901 ആയി. ഒൻപതു മരണത്തിൽ രണ്ടെണ്ണം വീതം കേരളം, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലും ഒരോന്നു വീതം ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുമാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 4.47 കോടി പേർക്കാണെന്നാണ് ഔദ്യോഗിക കണക്ക്.
ഡൽഹിയിൽ തിങ്കളാഴ്ച 293 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 18.53 ശതമാനമായി ഉയർന്നു. പരിശോധിച്ചവരിൽ അഞ്ചിൽ ഒരാൾ പോസിറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനിടെ രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അതേസമയം മരണത്തിന്റെ പ്രാഥമിക കാരണം കൊറോണ വൈറസ് അല്ലെന്നും ആരോഗ്യ ബുള്ളറ്റിൻ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ചയിലെ അപേക്ഷിച്ച് കണക്കുകൾ ഉയരുകയാണ്. തലസ്ഥാനത്തെ കോവിഡ് കേസുകളുടെ വർധന സർക്കാർ നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എച്ച്3 എൻ2 ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടയിലാണ്, കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നത്.