ന്യൂഡൽഹി: യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ഇന്ത്യയുടെ സുരക്ഷാ ഒരുക്കം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായെന്ന് സൂചന. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൈനിക മേധാവികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
യുക്രെയ്‌നിൽ മരണമടഞ്ഞ ഇന്ത്യൻ സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടാൻ എത്രയും വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. പ്രതിരോധ രംഗത്ത് ഇന്ത്യ സ്വയം പര്യാപ്തമാവണമെന്നും യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. യുക്രെയ്‌നിലെ സ്‌ഥിതിവിവരങ്ങൾ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു.
യുദ്ധം തുടരുന്ന യുക്രെയ്‌നിൽ നിന്ന് 18,000ൽ പരം ഇന്ത്യക്കാരെ രാജ്യത്തു തിരികെ കൊണ്ടുവന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് റഷ്യൻ-യുക്രെയ്ൻ പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. യുക്രെയ്നിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ രക്ഷപെടുത്താൻ റെഡ്ക്രോസ് സംഘടനയുമായി ഇന്ത്യ ഒരുമിച്ചു പ്രവർത്തിച്ചെന്നും സർക്കാർ അറിയിച്ചു.