ലഖ്‌നൗ : എട്ടുമാസം അകലെ ഓസ്ട്രേലിയയിൽ ലോകകപ്പ് നടക്കാനിരിക്കെ, ഇന്ത്യൻ ടീമിലെത്താൻ യുവതാരങ്ങളുടെ കൊണ്ടുപിടിച്ച ശ്രമമാണ്. കിട്ടുന്ന അവസരങ്ങൾ മുതലാക്കി സെലക്ടർമാരെ ആകർഷിക്കാൻ അവർ കഠിനപ്രയത്നം ചെയ്യുന്നു. ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ന് തുടങ്ങുമ്പോൾ യുവതാരങ്ങളുടെ പ്രകടനം എല്ലാവരും ഉറ്റുനോക്കുന്നു. ആദ്യമത്സരം വൈകീട്ട് ഏഴുമുതൽ ലഖ്നൗവിൽ. പരിക്കേറ്റ സൂര്യകുമാർ യാദവും ദീപക് ചഹാറും ടീമിന് പുറത്തായിക്കഴിഞ്ഞു. സൂര്യകുമാറിന്റെ കൈയ്ക്ക് നേരിയ പൊട്ടലുണ്ട്. ചാഹറിന് പേശീവലിവും. വിരാട് കോലി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നീ സ്ഥിരംതാരങ്ങളും പരമ്പരയ്ക്കില്ല. ഇതോടെ സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ എന്നിവർക്ക് വഴിയൊരുങ്ങിയേക്കും.
സൂര്യകുമാറിന് പരിക്കേറ്റതാണ് സഞ്ജുവിന്റെ സാധ്യത കൂട്ടുന്നത്. രോഹിത് ശർമയുടെ പുതുനായകത്വത്തിൽ ഇന്ത്യ തകർപ്പൻ ഫോമിലാണ്. വെസ്റ്റിൻഡീസിനെതിരായ പരമ്പര തൂത്തുവാരിയാണ് ഇന്ത്യയുടെ വരവ്. ഫിനിഷർ എന്നനിലയിൽ വെങ്കടേഷ് അയ്യരുടെ ഉയർച്ച ഇന്ത്യ ആകാംക്ഷയോടെയാണ് കാണുന്നത്. വിക്കറ്റെടുക്കാനും കഴിയുന്ന വെങ്കി ഒരു തകർപ്പൻ ഓൾറൗണ്ടറായി വളരുമെന്ന സൂചന നൽകിക്കഴിഞ്ഞു. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്നു. വെസ്റ്റ് ഇൻഡീസിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത രവി ബിഷ്ണോയിയും ഹർഷൽ പട്ടേലും കൂടി ചേരുമ്പോൾ ബൗളിങ് നിര ശക്തമാണ്. വെങ്കടേഷ് അയ്യരും ജഡേജയും ഓൾറൗണ്ടർമാരായി സ്ഥാനം നേടുമെന്നുറപ്പാണ്. ഓപ്പണറായി രാഹുലിന് പകരം ഋതുരാജ് കളിച്ചേക്കും. ദീപക് ഹൂഡയ്ക്കും ടീമിലിടം ലഭിച്ചേക്കും. ടീം ഇന്ത്യ: രോഹിത് ശർമ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, വെങ്കടേഷ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയി, യൂസ്വേന്ദ്ര ചാഹൽ.