തിരുവനന്തപുരം> കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവൻ ടൂറിസം പദ്ധതിയായ ‘കേരവൻ കേരള’യ്‌ക്ക് ഇന്ത്യാ ടുഡേ മാഗസിന്റെ പുരസ്‌കാരം. ‘ബെസ്‌റ്റ് എമർജിങ് സ്റ്റേറ്റ് ഇൻ ഇന്നൊവേഷൻ’ വിഭാഗത്തിലാണ് കാരവൻ ടൂറിസം “എഡിറ്റേഴ്‌സ് ചോയ്‌സ്’ പുരസ്‌കാരത്തിന് അർഹമായത്.
ന്യൂഡൽഹിയിൽ നടന്ന ഇന്ത്യാ ടുഡേ ടൂറിസം സമ്മേളനത്തിൽ കേന്ദ്ര സാംസ്കാരിക സഹമന്ത്രി അർജുൻ റാം മേഘ്വാളിൽ നിന്നും കേരള ടൂറിസം ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ എസ് ശ്രീകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. കോവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ചാണ് കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചത്.
സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോടിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന കാരവൻ ടൂറിസത്തിന് ചുരുങ്ങിയ കാലം കൊണ്ട് വിദേശസഞ്ചാരികളെ ഉൾപ്പടെ ആകർഷിക്കാനായി. കാരവൻ ടൂറിസത്തിന്റെ സവിശേഷതകളും സഞ്ചാരികൾക്കിടയിലെ ജനപ്രീതിയും കണക്കിലെടുത്താണ് പുരസ്കാരം.
ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ പുരസ്കാരവും കഴിഞ്ഞ വർഷം കേരളത്തിന് ലഭിച്ചിരുന്നു. ന്യൂയോർക്ക് ടൈംസ്, ടൈം മാഗസിൻ, ട്രാവൽ പ്ലസ് ലിഷർ മാഗസിൻ, ഡബ്ല്യുടിഎം എന്നിവയുടെ പുരസ്‌കാരവും കേരള ടൂറിസത്തിന് ലഭിച്ചു.