ന്യൂഡൽഹി: വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് വിലക്ക് ഏർപ്പെടുത്തി ട്വിറ്റർ. 13 വയസ് പൂർത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസിയായ(ഏഷ്യൻ ന്യൂസ് ഇന്റർ നാഷനൽ) എ.എൻ.ഐക്ക് വിലക്ക് ഏർപ്പെടുത്തിയത്. വാർത്താ ഏജൻസിയുടെ ട്വിറ്റർ ഹാൻഡിൽ ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്ന സന്ദേശമാണ് ലഭിക്കുക.
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്നും അത് എ.എൻ.ഐ പാലിക്കുന്നില്ലെന്നുമാണ് ട്വിറ്ററിന്‍റെ ആരോപണം. “ഒരു ട്വിറ്റർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന്, നിങ്ങൾക്ക് കുറഞ്ഞത് 13 വയസ് പൂർത്തിയായിരിക്കണം. ഈ പ്രായ നിബന്ധനകൾ നിങ്ങൾ പാലിക്കുന്നില്ലെന്ന് ട്വിറ്ററിന് വ്യക്തമായി, അതിനാൽ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്‌തിരിക്കുന്നു, ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യപ്പെടും” എന്ന് ഇ-മെയിൽ സന്ദേശമാണ് എ.എൻ.ഐക്ക് ലഭിച്ചിരിക്കുന്നത്.
ദക്ഷിണേഷ്യയിലെ പ്രമുഖ മൾട്ടിമീഡിയ വാർത്താ ഏജൻസിക്ക് ഇന്ത്യയിലും ദക്ഷിണേഷ്യയിലും ലോകമെമ്പാടുമായി 100-ലധികം ബ്യൂറോകളുണ്ടെന്ന് അതിന്റെ വെബ്‌സൈറ്റ് പറയുന്നു.