ബ്ലോംഫോന്റൈന്‍: അണ്ടര്‍ 19 ഏകദിന ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 214 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മുഷീര്‍ ഖാന്റെ (126 പന്തില്‍ 131) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 28.1 ഓവറില്‍ 81 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ സൗമി പാണ്ഡെയാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. സൂപ്പര്‍ സിക്‌സിലെ അടുത്ത മത്സരത്തില്‍ വെള്ളിയാഴ്ച്ച ഇന്ത്യ നേപ്പാളിനെ നേരിടും. മുഷീര്‍, രാജ് ലിംബാനി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. ക്യാപ്റ്റന്‍ ഒസ്‌കാര്‍ ജാക്‌സണ്‍ (19), സാക് കമ്മിന്‍സ് (16), അലക്‌സ് തോംപ്‌സണ്‍ (12), ജെയിംസ് നെല്‍സണ്‍ (10) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സാവും മുമ്പ് തന്നെ രണ്ട് വിക്കറ്റുകള്‍ കിവീസിന് നഷ്ടമായി. ടോം ജോണ്‍സ് (0), സ്‌നേഹിത് റെഡ്ഡി (0) എന്നിവരാണ് മടങ്ങിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ കിവീസിന് വിക്കറ്റുകള്‍ നഷ്ടമായി. ലച്‌ളാന്‍ സ്റ്റാക്‌പോള്‍ (5), ഒലിവര്‍ തെവാട്ടിയ (7), ഇവാള്‍ഡ് ഷ്ര്യൂഡര്‍ (7), റ്യാന്‍ സൗര്‍ഗസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാസണ്‍ ക്ലാര്‍ക്ക് (0) പുറത്താവാതെ നിന്നു.
നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. അഞ്ചാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (9) ക്ലാര്‍ക്ക് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന മുഷീര്‍ – ആദര്‍ഷ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 77 റണ്‍സ് കൂട്ടിചേര്‍ന്നു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ആദര്‍ശിനെ, സാക് കമ്മിന്‍സ് മടക്കി. 58 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടിയിരുന്നു. തുടര്‍ന്ന് ഉദയ് സഹാരണ്‍ (34) ക്രീസിലിലേക്ക്. ക്യാപ്റ്റനൊപ്പം 87 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ മുഷീറിന് സാധിച്ചു. എന്നാല്‍ 37-ാം ഓവറില്‍ കൂട്ടൂകെട്ട് പൊളിഞ്ഞു.
പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. അരവെല്ലി അവനിഷ് (17), പ്രിയാന്‍ മോലിയ (10), സച്ചിന്‍ ദാസ് (15) മുരുകന്‍ അഭിഷേക് (4) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇതിനിടെ മുഷീര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 126 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 13 ഫോറും നേടി. 48-ാം ഓവറിലാണ് മുഷീര്‍ മടങ്ങുന്നത്. ടൂര്‍ണമെന്റില്‍ മുഷീറിന്റെ രണ്ടാം സെഞ്ചുറിയാണിത്. അയര്‍ലന്‍ഡിനെതിരെയും മുഷീര്‍ സെഞ്ചുറി നേടിയിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താനും താരത്തിന് സാധിച്ചു.
സൂപ്പര്‍ സിക്‌സില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ. ന്യൂസിലന്‍ഡിനെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, അയര്‍ലന്‍ഡ് ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, സിംബാബ്‌വെ ടീമുകളാണ് കളിക്കുന്നത്.
ടീം ഇന്ത്യ: ആദര്‍ശ് സിംഗ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മുഷീര്‍ ഖാരന്‍, ഉദയ് സഹാരണ്‍, പ്രിയാന്‍ഷു മൊലിയ, സച്ചിന്‍ ദാസ്, അരവെല്ലി അവനിഷ്, മുരുകന്‍ അഭിഷേക്, നമന്‍ തിവാരി, രാജ് ലിംബാനി, സൗമി പാണ്ഡെ.