ന്യൂഡൽഹി : 2019ൽ ഒരു ഇന്ത്യൻ ബിസിനസുകാരൻ വാതുവയ്പ് ആവശ്യവുമായി തന്നെ സമീപിച്ചെന്ന് സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബ്രണ്ടൻ ടെയ്‌ലർ. ഇക്കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) അറിയിക്കാൻ വൈകിയതിന്റെ പേരിൽ താൻ വിലക്കു നേരിടാനൊരുങ്ങുകയാണെന്നും ടെയ്‌ലർ പറഞ്ഞു. സമൂഹമാധ്യത്തിലൂടെ ഇന്ത്യൻ ബിസിനസുകാരന്റെ പേരു വെളിപ്പെടുത്താതെയാണ് ടെയ്‌ലറുടെ കുറ്റസമ്മതം. 2019 ഒക്ടോബറിൽ ഒരു പരസ്യക്കരാർ സംസാരിക്കുന്നതിനും സിംബാബ്‌വെയിൽ ഒരു ട്വന്റി20 ലീഗ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടിയാണ് ഞാൻ അയാളെ കണ്ടത്. മീറ്റിങ്ങിനിടെ എനിക്ക് 15,000 യുഎസ് ഡോളർ നൽകി. ലഹരി മരുന്നായ കൊക്കെയ്നും നൽകി. ഞാൻ അതു രുചിച്ചു നോക്കി. പിറ്റേന്ന് ആ ചിത്രം വച്ച് അവരെന്ന ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. ആ സമയത്ത് സിംബാബ്‌െവ ക്രിക്കറ്റ് ബോർഡ് കളിക്കാർക്ക് 6 മാസത്തെ പ്രതിഫലം നൽകിയിരുന്നില്ല. എല്ലാം കൂടിയായപ്പോൾ എനിക്ക് അവരോടു സമ്മതം മൂളേണ്ടി വന്നു’– ടെയ്‌ലർ വിശദീകരിച്ചു.
സിംബാബ്‌വെയ്ക്കു വേണ്ടി 205 ഏകദിനങ്ങളും 34 ടെസ്റ്റുകളും 45 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ടെയ്‌ലർ. സിംബാബ്‌വെയിൽ തിരിച്ചെത്തിയ ശേഷം മാനസികാരോഗ്യ ചികിത്സയ്ക്കു വിധേയനാവേണ്ടി വന്നുവെന്നും 4 മാസങ്ങൾക്കു ശേഷമാണ് ഐസിസിയെ അറിയിച്ചതെന്നും ടെയ്‌ലർ പറഞ്ഞു.