കൊച്ചി: ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് പത്രത്തിന്റെ കലൂരിലെ ഓഫീസിനുമുന്നിൽ ന്യൂ ഇന്ത്യൻ എകസ്‌സ്‌പ്രസ് എംപ്ലോയീസ് അസോസിയേഷ (സിഐടിയു) ന്റെ നേതൃത്വത്തിൽ ജിവനക്കാരും വിരമിച്ചവരും 17ന് പ്രതിഗഷധ ധർണ നടത്തും. രാവിലെ 10 ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്യും.
പത്രത്തിന്റെ കലൂരിലെ പ്രസും അനുബന്ധസ്ഥാപനങ്ങളും 2014 ൽ അടച്ചു പൂട്ടിയത് അന്യായവും നിയമവിരുദ്ധവുമാണെന്ന ആലപ്പുഴ ഇൻഡസ്‌ട്രിയസ് ട്രിബ്യൂണലിന്റെ വിധിയുണ്ടായ സാഹചര്യത്തിലാണ് ധർണ സംഘടിപ്പിച്ചിട്ടുള്ളത്. കമ്പനി പൂട്ടിയപ്പോൾ തൊഴിൽനഷ്‌ടമായ 24 ജീവനക്കാർക്ക് 2022 ഡിസംബർ 30 ലെ വിധിയുടെ അടിസ്ഥാനത്തിൽ ശമ്പളമുൾപ്പെടെ ആനുകൂല്യങ്ങൾ നൽകണമെന്നും അർഹരായവരെ തിരികെ ജൊലിയിൽ പ്രവേശിപ്പിക്കണമെന്നുമാണ് ആവശ്യം. കമ്പനി പൂട്ടിയ ശേഷമുള്ള ഒമ്പതുവർഷത്തിനിടെ 24 ജീവനക്കാരിൽ 16 പേർ വിരമിക്കൽ പ്രായം പൂർത്തിയാക്കി. 5 പേർ ജോലിക്ക് യോഗ്യരാണ്. ഇവർക്കെല്ലാം കൂടി 6. 75 കോടിരൂപയാണ് നിയമപ്രകാരം നഷ്‌ടപരിഹാരം കിട്ടേണ്ടത്. അസോസിയേഷൻ ഈ ആവശ്യമുന്നയിച്ചെങ്കിലും മാനേജ്‌മെന്റ് അംഗീകരിച്ചില്ല.
ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളാണ് മാധ്യമരംഗത്തെ കരാർ നിയമനത്തിനും അരക്ഷിതാവസ്ഥകൾക്കും തുടക്കമിട്ടത്. വേജ് ബോർഡ് അട്ടിമറിച്ചും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും ദ്രോഹിച്ച മാനേജ്‌മെന്റ് എതിർത്തവരെയാകെ മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റി. തൊഴിലാളികൾ ശക്തമായി ചെറുത്തുനിന്നതോടെ ഇല്ലാതാക്കിയ ആനുകൂല്യങ്ങൾ പലതും മാനേജ്‌മെന്റിന് പനസ്ഥാപിക്കേണ്ടിവന്നു. എന്നാൽ പ്രതികാരനടപടിയുടെ ഭാഗമായി 2014 ൽ മാനേജ്‌മെന്റ് പ്രസ് അടച്ചുപൂട്ടി അച്ചടി സ്വകാര്യ പ്രസിലേക്ക് മാറ്റി. ഇതിനെല്ലാമെതിരെ ഒമ്പതുമാസത്തിലേറെ നീണ്ട സത്യഗ്രഹം കമ്പനിക്ക് മുന്നിൽ നടന്നു. അതിന്റെ ഭാഗമായും പല ആശ്വാസനടപടികളുണ്ടായി. തൊഴിലാളികൾ നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗമായാണ് ഏറ്റവുമൊടുവിൽ ആലപ്പുഴ ഇൻഡസ്‌ട്രിയൽ ട്രിബ്യൂണലിന്റെ വിധിയുണ്ടായതെന്ന് അസോസിയേഷൻ പ്രസിഡന്റ് എൻ പത്മനാഭൻ പ്രസ്‌താവനയിൽ പറഞ്ഞു.