ദില്ലി : കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെ തിരിച്ചറിയാൻ സഹായിക്കുന്ന ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് കിറ്റായ ഒമിഷുവറിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ.) അനുമതി നൽകി. ഇന്ത്യയുടെ ആദ്യ ഒമിക്രോൺ പരിശോധനക്കിറ്റാണ് ഒമിഷുവർ എന്നറിയപ്പെടുന്ന ഈ കിറ്റ്. ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സും ഐ.സി.എം.ആറും ചേർന്നാണ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സ് ആണ് കിറ്റ് വ്യാവസായിക അടിസ്ഥാനത്തിൽ തയ്യാറാക്കുന്നത്. നാലുമണിക്കൂറിനകം ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിർമ്മാതാക്കളുടെ മാർഗനിർദേശപ്രകാരം കിറ്റ് ഉപയോഗിക്കാമെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കിയിട്ടുണ്ട്. ആർ.ടി.പി.സി.ആർ. ടെസ്റ്റിനായി രോഗിയുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നുമുള്ള സ്രവം പരിശോധിച്ച് അതിൽ ഒമിക്രോൺ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് ഇത് ഉപയോഗിക്കുക.
എല്ലാ സ്റ്റാൻഡേർഡ് റിയൽടൈം പി.സി.ആർ. മെഷീനുകളിലും ഇത് ഉപയോഗിക്കാനാകും. എസ്. ജീൻ ഡ്രോപ്ഔട്ട്/ എസ്.ജീൻ ടാർഗറ്റ് ഫെയ്ലിയർ(എസ്.ജി.ടി.എഫ്.), എസ്.ജീൻ മ്യൂട്ടേഷൻ ആംപ്ലിഫിക്കേഷൻ (എസ്.ജി.എം.എ.) എന്നീ രീതികളിലൂടെയാണ് ഒമിഷുവർ ടെസ്റ്റ് കിറ്റ് വഴി പരിശോധിക്കുന്നത്. നിലവിൽ ലോകത്തെല്ലാം ഒന്നുകിൽ എസ്.ജി.ടി.എഫ്. അല്ലെങ്കിൽ എസ്.ജി.എം.എ. ആണ് നടത്തുന്നത്. എന്നാൽ ഈ രണ്ട് ടെസ്റ്റുകളും ഒന്നിച്ച് ചേർത്ത് നടത്തുന്ന ടെസ്റ്റാണ് ഒമിഷുവർ. അതിനാൽ തന്നെ, കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളെ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കാതെ തന്നെ ഒമിക്രോണിനെ കണ്ടെത്താനുള്ള കഴിവു കൂടിയാണ് ഈ ദ്വിഘട്ട പരിശോധന വഴി സാധിക്കുന്നതെന്ന് ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് തലവൻ രവി വസന്തപുരം പ്രതികരിച്ചിട്ടുണ്ട്.
ഒമിക്രോൺ വകഭേദത്തെയും മറ്റ് വകഭേദങ്ങളെയും തിരിച്ചറിയാൻ ഈ കിറ്റ് വഴി സാധിക്കും. നിലവിൽ ജനിതകശ്രേണീകരണം (ജീനോം സീക്വൻസിങ്)നടത്തി മാത്രമാണ് ഒമിക്രോൺ രോഗികളെ തിരിച്ചറിയാനാവുന്നത്. എന്നാൽ ഈ ടെസ്റ്റ് നിലവിൽ വരുന്നതോടെ ജനിതകശ്രേണീകരണം എന്ന ആ ഒരു ഘട്ടം ഒഴിവാക്കാനും ഫലം വേഗത്തിൽ ലഭിക്കാനുമാകും. നിലവിൽ ഒമിക്രോൺ പരിശോധിക്കുന്നതിന് ഒരു സാംപിളിന് അയ്യായിരത്തോളം രൂപ ചെലവുണ്ട്. സമയദൈർഘ്യവും കൂടുതലാണ്. എന്നാൽ നാലുമണിക്കൂറിനകം ഈ കിറ്റുപയോഗിച്ച് ഫലമറിയാം. ഈ കിറ്റ് ഉപയോഗിക്കുന്നതിനുള്ള സമയം 85 മിനിറ്റ് ആണ്. രോഗിയിൽ നിന്നുള്ള സാംപിൾ ശേഖരണം, ആർ.എൻ.എ. വേർതിരിക്കൽ തുടങ്ങി മൊത്തത്തിൽ ഫലം വരാൻ ആകെ 130 മിനിറ്റാണ് വേണ്ടിവരുക. ജനുവരി 12 മുതൽ വിപണിയിൽ കിറ്റ് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. 250 രൂപയായിരിക്കും കിറ്റിനെന്നാണ് ഊഹാപോഹങ്ങൾ. എന്നാൽ ഇതുസംബന്ധിച്ച് ടാറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മരുന്ന് വിൽപനയ്ക്കുള്ള ലൈസൻസിനായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ(സി.ഡി.എസ്.സി.ഒ.) സമീപിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരിലുള്ള ടാറ്റ മെഡിക്കൽസ് ആൻഡ് ഡയഗ്നോസ്റ്റിക്സിന്റെ യൂണിറ്റിൽ കിറ്റ് നിർമ്മിക്കാൻ തുടങ്ങും. നിലവിൽ ദിനംപ്രതി രണ്ട് ലക്ഷം കിറ്റ് നിർമ്മിക്കാനുള്ള ശേഷിയാണ് ഇവിടെയുള്ളത്. ജനുവരി മൂന്നാം വാരത്തോടെ ഇത് അഞ്ചു ലക്ഷം മുതൽ പത്ത് ലക്ഷം വരെയാക്കി ഉയർത്താനാകും. ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന കിറ്റ് ആഭ്യന്തര-അന്താരാഷ്ട്ര മാർക്കറ്റുകളിൽ ലഭ്യമാക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്. ഡിസംബർ 23 ന് തന്നെ ഒമിഷുവർ കിറ്റിന്റെ പേറ്റന്റിനായി കമ്പനി അപേക്ഷിച്ചിട്ടുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ടത് (Variant of Concern)എന്ന വിഭാഗത്തിലാണ് ഒമിക്രോണിനെ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിലവിൽ 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2135 ഒമിക്രോൺ കേസുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മഹാരാഷ്ടയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികളെ തിരിച്ചറിഞ്ഞിരിക്കുന്നത്. 653 രോഗികളാണ് ഇവിടെയുള്ളത്. ഡൽഹിയിൽ 464, കേരളം 185, രാജസ്ഥാൻ 174, ഗുജറാത്ത് 154, തമിഴ്നാട് 121 എന്നിങ്ങനെയാണ് ഇന്ത്യയിലെ ഒമിക്രോൺ കണക്കുകൾ.