തലശ്ശേരി: പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർസംസ്ഥാന ഏകദിന ടൂർണമെന്റിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലയിൽ നിന്ന് രണ്ട് പേർ. ഒമർ അബൂബക്കർ, എ.കെ. രാഹുൽദാസ് എന്നിവരാണ് കേരള ടീമിൽ ഇടംനേടിയത്. തലശ്ശേരി ധർമടം സ്വദേശിയായ എ.കെ. രാഹുൽ ദാസാണ് കേരള ടീമിന്റെ ട്രെയിനർ. കണ്ണൂർ സ്വദേശി ഒമർ അബൂബക്കർ പാഡണിയും.പുതുച്ചേരിയിൽ സെപ്റ്റംബർ 18 മുതൽ 30 വരെ നടക്കുന്ന ടൂർണമെന്റിൽ എട്ട് ടീമുകൾ മാറ്റുരക്കും. കേരളത്തിന് പുറമേ പുതുച്ചേരി, ഹിമാചൽ പ്രദേശ്, ബംഗാൾ, വിദർഭ, ഝാർഖണ്ഡ്, ത്രിപുര, ഛത്തീസ്ഗഢ് എന്നീ ടീമുകൾ പങ്കെടുക്കും. 18ന് പുതുച്ചേരിയുമായിട്ടാണ് കേരളത്തിന്റെ ആദ്യമത്സരം. വലംകൈയൻ ഓപണിങ് ബാറ്ററായ ഒമർ അബൂബക്കർ അണ്ടർ 14, അണ്ടർ 16, അണ്ടർ 19 കേരള ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ്. തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് താരമാണ്.
കണ്ണൂർ കസാനക്കോട്ട അമർ വില്ലയിൽ കെ.പി. നൗഷാദിന്റെയും എം. ഷാജുവിന്റെയും മകനാണ് എം.കോം വിദ്യാർഥിയായ ഒമർ അബൂബക്കർ. ബി.സി.സി.ഐ ‘ലെവൽ എ’ സർട്ടിഫൈഡ് കോച്ചായ രാഹുൽ ദാസ് പ്രീഹാബ് അക്കാദമിയിൽ നിന്ന് സ്ട്രെൻങ്ത് ആൻഡ് കണ്ടിഷനിങ് കോഴ്സിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അണ്ടർ 16 മുൻ സംസ്ഥാന താരമായ രാഹുൽ ദാസ് നാല് വർഷം കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു.അണ്ടർ 14, അണ്ടർ 16, അണ്ടർ 19, അണ്ടർ 23 ജില്ല ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബ്, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്, തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകൾക്ക് വേണ്ടി ജില്ല ലീഗ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ കോളജ്, സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് കണ്ണൂർ യൂനിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധർമടം അട്ടാരക്കുന്ന് രമണികയിൽ ദാസന്റെയും രമണിയുടെയും മകനാണ്. ഭാര്യ: മിഥുന.