അത്തോളി (കോഴിക്കോട്): കൊടശ്ശേരിയിൽ നിന്നും 14 പവൻ സ്വർണം മോഷ്ടിച്ച കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കുറ്റിക്കാട്ടൂർ ആനശ്ശേരിയിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി വിജയൻ എന്ന കുട്ടി വിജയനെ (48) ആണ് വെള്ളിയാഴ്ച രാത്രി കുറ്റികാട്ടൂരിൽ നിന്നും കോഴിക്കോട് റൂറൽ എസ്പി എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേരളം, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ വർഷങ്ങളായി നിരവധി കവർച്ചകൾ നടത്തിയ ആളാണ് വിജയൻ.
മേയ് 28നാണ് കൊടശ്ശേരി തെറ്റിക്കുന്നുമ്മൽ റഷീദിന്റെ വീട്ടിൽ നിന്ന് 14 പവൻ സ്വർണാഭരണം മോഷണം പോയത്. വീട് പൂട്ടി ആലപ്പുഴയിലേക്ക് പോയതായിരുന്നു റഷീദ്. വീടിന്റെ വാതിൽ തകർത്ത് കൂട്ടാളിക്കൊപ്പം മോഷണം നടത്തിയ ശേഷം തമിഴ്നാടിലെ മേട്ടുപ്പാളയത്തേക്കും തുടർന്ന് ബെംഗളൂരുവിലേക്കും കടന്ന പ്രതി, സ്വർണം വിറ്റു കിട്ടിയ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇയാളുടെ കൂട്ടാളിക്കായി തമിഴ്നാട്ടില്‍ അന്വേഷണം നടക്കുന്നുണ്ട്.
2007ൽ മാവൂരിൽ വച്ച് വിഭാസ് എന്നാളെ കൊലപ്പെടുത്തിയ കേസിലും, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട്, തൃശൂർ, എറണാകുളം ജില്ലകളിൽ നൂറോളം കവർച്ച നടത്തിയ കേസിലും ക്ഷേത്രങ്ങളിൽ നിന്ന് മോഷണം നടത്തിയ കേസിലും പ്രതിയാണ് വിജയന്‍. മലപ്പറമ്പിൽ ഡോക്ടറുടെ വീട്ടിൽ നിന്നും 45 പവൻ കവർന്ന കേസിൽ 6 മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. പ്രതിയെ പേരാമ്പ്ര ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തു.